വൈപ്പിൻ: കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു. രണ്ടു മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റു. ഇവരെ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ കയറ്റി മുനന്പം ഹാർബറിലെത്തിച്ചശേഷം മുനന്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനെത്തുടർന്നു അയ്യന്പിള്ളി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
ഇന്നു പുലർച്ചെ 4.30 നാണ് സംഭവം. അപകടത്തിൽ ബോട്ടിന്റെ മുൻഭാഗം പൂർണമായും തകർന്നു. തകർന്ന ബോട്ടിനെ മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണ് പിന്നീട് മുനന്പം ഹാർബറിലെത്തിച്ചത്. പള്ളിപ്പുറം പുതുശേരി ജോസി(59), പറവൂർ തത്തപ്പിള്ളി അശോകൻ(52) എന്നിവരാണു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പള്ളിപ്പുറം ആര്യച്ചേരി ജോർജിന്റെ ഉടമസ്ഥതയിലുള്ള നോഹയെന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞു ബോട്ട് ആങ്കർ ചെയ്തു കിടക്കവേയാണു കപ്പലിടിച്ചതെന്നും അപകടത്തെത്തുടർന്ന് കപ്പൽ നിർത്താതെ പോയതായും തൊഴിലാളികൾ അറിയിച്ചു.
അപകടമുണ്ടായി കടന്നുകളഞ്ഞ കപ്പലിനെ കണ്ടെത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു ബോട്ടുടമ സംഘം കോ ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ പി.പി. ഗിരീഷ് ജില്ലാ കളക്ടടോറും പോർട്ട് അധികൃതരോടും ആവശ്യപ്പെട്ടു. വിദേശ കപ്പലായ മാൽക്കിൽ എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചതെന്നാണു തൊഴിലാളികൾ കോസ്റ്റ് പോലീസിനെ അറിയിച്ചിരിക്കുന്നത്.
എന്നാൽ, അപകടസമയം ഈ പേരിലുള്ള കപ്പൽ കണ്ടെത്തിയിട്ടില്ലെന്നു ദക്ഷിണനാവിക സേനാ അധികൃതർ അറിയിച്ചു. കൊച്ചിയിൽനിന്നും 18 നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടം നടന്നിട്ടുള്ളത്. ബോട്ടിൽ പത്ത് ജീവനക്കാരുണ്ടായിരുന്നതായാണു ബോട്ടുടമ വ്യക്തമാക്കിയത്.