കുമരകം: കരാറുകാരന്റെ അനാസ്ഥയിൽ അപകടത്തിലായത് ഹൗസ്ബോട്ട് ജീവനക്കാരും ഒന്പതു യാത്രക്കാരും. ഇന്നലെ കായിപ്പുറത്തിന് സമീപം വൈകുന്നേരം വേന്പനാട്ടു കായലിലുണ്ടായ ബോട്ടപകടത്തിനു കാരണം ചീനവല പൊളിച്ചു മാറ്റിയ കരാറുകാന്റെ അനാസ്ഥയാണ്.
കായലിൽ അനധികൃതമായി നിർമിച്ച ചീനവല പൊളിച്ച് മാറ്റിയതിന്റെ തൂണുകളാണ് അപകടത്തിനു കാരണമായത്. ജലസേചന വകുപ്പ് തൂണുകൾ പൊളിച്ച് മാറ്റാൻ കരാർ നൽകിയിരുന്നതാണ്. എന്നാൽ തൂണ് പൊളിച്ചു മാറ്റാതെ ജലനിരപ്പിൽ വെച്ച് അറത്തു മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. ഇതാണ് അപകടത്തിനു കാരണമായത്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സഞ്ചാരികളുമായി യാത്ര ചെയ്ത ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം കായലിൽ അപ്രതീക്ഷിതമായുണ്ടായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കായലിലുണ്ടായിരുന്ന തടിക്കുറ്റിയിൽ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അടിഭാഗത്തെ പലക ഇളകിയതിനെ തുടർന്ന് ബോട്ടിനുള്ളിലേക്കു വെള്ളം കയറുകയും ബോട്ട് മുങ്ങുന്ന സ്ഥിതിയിലേക്കുമായി.
തുടർന്ന് ജീവനക്കാർ കുമരകത്ത് വിവരം അറിയിച്ചതിനെ തുടർന്നെത്തിയ സ്പീഡ് ബോട്ടിൽ യാത്രക്കാരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. രാത്രിയിലും മോട്ടോർ പന്പ് ഉപയോഗിച്ച് ബോട്ടിലെ വെള്ളം വറ്റിച്ചാണ് മുങ്ങിപ്പോകാതെ ബോട്ട് രക്ഷപ്പെടുത്താനായത്.
ഇത്തരത്തിലുള്ള സംഭവം പല തവണ ഇവിടെ ആവർത്തിച്ചു കഴിഞ്ഞു. മുറിച്ച കുറ്റികൾ ജലനിരപ്പ് ഉയർന്നതോടെ ഇപ്പോൾ കാണാൻ പറ്റാത്ത അവസ്ഥയാണ്. ഇതാണ് ബോട്ടുകൾക്ക് അപകടം സൃഷ്ടിക്കുന്നത്.
കോവിഡ് വെല്ലുവിളിയെ അതിജീവിച്ചു ഹൗസ്ബോട്ട് മേഖല ഇപ്പോഴാണ് ചലിച്ചു തുടങ്ങിയത്. അതിജീവന കാലത്ത് ഇത്തരത്തിലുണ്ടാകുന്ന ബുദ്ധിമുട്ട് ഈ മേഖലയെ കൂടുതൽ ദുരിതത്തിലേക്കാണ് തള്ളിവീഴ്ത്തുന്നത്.