നൗക്ചോട്ട്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 25 പേർ മരിച്ചു. 150 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 120 പേരെ പേരെ മൗറിറ്റാനിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ വാർത്താ ഏജൻസിയായ എഎംഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യതലസ്ഥാനമായ നൗക്ചോട്ടിനു സമീപമാണ് ബോട്ട് മറിഞ്ഞത്. ബോട്ടിൽ മുന്നൂറോളം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സെനഗൽ, ഗാംബിയ പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്കു എത്തിപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
പശ്ചിമാഫ്രിക്കയുടെ തീരത്തുനടന്ന ഒടുവിലത്തെ കുടിയേറ്റ ദുരന്തമാണിത്. ഇവിടെ കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെടുന്നതു പതിവാണ്. ജൂൺ മുതലുള്ള കണക്കനുസരിച്ച് 190ലേറെ പേർ യൂറോപ്യൻ രാജ്യങ്ങളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ വിവിധ ബോട്ട് അപകടങ്ങളിൽ മരിച്ചതായി എഎംഐ പറയുന്നു.