വൈപ്പിൻ: മത്സ്യബന്ധന ബോട്ടുകൾക്കുള്ള പെർമിറ്റ് ഫീസ് 5000ത്തിൽ നിന്ന് അരലക്ഷമാക്കി ഉയർത്തിയ നടപടിയുൾപ്പെടെ മത്സ്യബന്ധന ബോട്ടുടമകൾ പരാതിപ്പെട്ട പല കാര്യങ്ങളിലും അടുത്ത സീസണ് ആരംഭിക്കുന്നതിനു മുന്പ് പരിഹാരം കാണാമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഉറപ്പ് നൽകിയതായി മുനന്പം യന്ത്രവൽകൃത മത്സ്യബന്ധന പ്രവർത്തകസംഘം അറിയിച്ചു.
പരാതികളുമായി തിരുവനന്തപുരത്തെത്തിയ സംഘം ഭാരവാഹികൾ ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുമായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, എസ്. ശർമ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ്. പുതിയ ബോട്ടുകൾക്കുള്ള പെർമിറ്റ് ജൂണ് മാസത്തിൽ നൽകാമെന്ന മുൻ വാഗ്ദാനം ഇതു വരെ പാലിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തിര നടപടിവേണമെന്ന് സംഘം പ്രസിഡന്റ് സുധാസ് തായാട്ട് ചർച്ചയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
മുനന്പം ഫിഷിങ് ഹാർബറിൽ അടുത്തു മത്സ്യവില്പന നടത്തുന്ന ബോട്ടുകളെ ചെറുമീൻ പിടിക്കുന്നതിനും പെർമിറ്റില്ലാത്തതിനും കസ്റ്റഡിയിലെടുക്കുന്പോൾ മുനന്പത്ത് വച്ചുതന്നെ നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യം സംഘം മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ഇപ്പോൾ മുനന്പത്തു നിന്ന് കസ്റ്റഡിയിലെടുക്കുന്ന ബോട്ടുകൾ 25 കിലോമറ്റർ അകലെ ഫോർട്ട് വൈപ്പിനിലെത്തിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്.
ഏകദേശം 15 ദിവസം കടലിൽ കിടന്നശേഷം വരുന്ന തൊഴിലാളികളെ ഈ നടപടി കഷ്ടപ്പെടുത്തുന്നുവെന്നാണ് സംഘത്തിന്റെ പരാതി. ഇതിനെല്ലാം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പരിഹാരം കാണാമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ചർച്ചയിൽ സംഘം പ്രസിഡന്റിനെകൂടാതെ സെക്രട്ടറി ജോസഫ് ഓളാട്ടുപുറത്ത്, പി.എ. വേണു, ഒ.എ. ജന്റിൽ എന്നിവരും പങ്കെടുത്തു.