കുമരകം: കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി കുമരകത്തെ കോക്കനട്ട് ലഗൂൺ ഹോട്ടലിൽ വള്ളത്തിൽ ചായക്കച്ചവടം നടത്തുന്ന ശാന്തമ്മച്ചേച്ചിയെ പരിചയപ്പെട്ടു.
ശാന്തമ്മച്ചേച്ചിയുടെ തനി നാടൻ ചായയുടെ രുചി നുകർന്ന കേന്ദ്രമന്ത്രി കുടുംബവിശേഷങ്ങളും ചോദിച്ചറിഞ്ഞു.കോക്കനട്ട് ലഗൂൺ ജനറൽ മാനേജർ ഹരികൃഷ്ണനാണ് കവണാറ്റിൻകര ആറ്റുചിറ കേശവന്റെ ഭാര്യയായ ശാന്തമ്മയെ മന്ത്രിക്ക് പരിചയപ്പെടുത്തിയത്.
കഴിഞ്ഞ 12 വർഷത്തിലേറെയായി വള്ളത്തിൽ ചായയും പലഹാരങ്ങളുമായി ഹോട്ടലിലെത്തി സഞ്ചാരികൾക്ക് വിൽപ്പന നടത്തിവരികയാണീ കുടുംബിനി. ഇന്നലെ മന്ത്രി സ്വകാര്യ സന്ദർശനത്തിനാണ് കുമരകത്തെത്തിയത്. അതിനാൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല.