തിരുവനന്തപുരം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണ് താനൂരിലെ ബോട്ടപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ടൂറിസം വകുപ്പിനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കെ.സുധാകരൻ ആരോപിച്ചു.
യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്.
അത്തരത്തിൽ അനധികൃതമായി നടത്തിയ ഒരു ബോട്ട് സർവീസ് ആണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചത്. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.