എടത്വ: ബോട്ടുകളെ പ്രതീക്ഷിച്ചു കാത്തിരുന്ന ബോട്ടുജെട്ടികൾ ഇന്ന് നോക്കു കുത്തികളായി മാറി. കരഗതാഗതം സുലഭമായതോടെ സമയദൈർഘ്യവും വേണ്ടി വരുന്ന ജലത്തിലൂടെയുള്ള യാത്രകൾ ഇല്ലാതായതോടെയാണ് ബോട്ടുജെട്ടികൾ നോക്കു കുത്തികളായി മാറിയത്. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച നൂറു കണക്കിന് ബോട്ടു ജെട്ടികളാണ് ബോട്ടു യാത്ര നിലച്ചതോടെ നോക്കുകുത്തികളായിരിക്കുന്നത്.
] ഇപ്പോൾ പല ബോട്ടുജെട്ടികളും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രങ്ങളായി മാറിയിട്ടുമുണ്ട്. മുന്പ് ഈ ബോട്ടുജെട്ടികളുടെ സമീപത്തായി ചായക്കടകൾ, മുറുക്കാൻ കടകൾ, കൊപ്രാകളങ്ങൾ തുടങ്ങിയവ പ്രവർത്തിച്ചിരുന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾക്ക് പുറമെ സ്വകാര്യബോട്ടുകൾ, കേവുവള്ളങ്ങൾ, ചെറുകിട യാത്രാവള്ളങ്ങൾ തുടങ്ങിയവയൊക്കെ ഇവിടെ അടുക്കുമായിരുന്നു.
ബോട്ടടുത്താൽ സൗകര്യമായി കയറാൻ കഴിയുന്ന തരത്തിലായിരുന്നു ജെട്ടികളുടെയൊക്കെ നിർമാണം. വെയിലും മഴയും ഏൽക്കാതിരിക്കാൻ മേൽകൂരയോടു കൂടിയവ വരെ അന്ന് നിർമിച്ചിരുന്നു. ജെട്ടിക്ക് പുറമെ ബോട്ട് അടുപ്പിക്കുന്നതിനും കെട്ടുന്നതിനും തെങ്ങിൻകുറ്റിയും ജെട്ടിയോട് ചേർന്ന് നിർമിക്കുമായിരുന്നു.
ആലപ്പുഴയിൽനിന്ന് തകഴി വീയപുരം വഴി മാന്നാർ, കാരിച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലേക്ക് നിരന്തരമായി സർവീസ് നടത്തിയിരുന്നിടത്ത് ഇന്ന് ഒരു സർവീസ് പോലും ഇല്ല. വീയപുരം പായിപ്പാട് ജെട്ടിയിൽ യാത്ര അവസാനിപ്പിച്ച് സ്റ്റേ ചെയ്യുകയും അടുത്ത പ്രഭാതത്തിൽ സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
പരുമല, തേവർകുഴി, തേവേരി, ആറ്റുമാലി, പള്ളിക്കടവ്, ചാത്തങ്കേരി, മാതരം പള്ളി തുടങ്ങി നിരവധി ജെട്ടികൾ അപ്പർകുട്ടനാട്ടിൽ തന്നെ ഉപയോഗരഹിതമായി കിടക്കുകയാണ്. എടത്വ, ചന്പക്കുളം എന്നിവിടങ്ങളിൽ നിരവധി സർവീസുകളുണ്ടായിരുന്നിടത്ത് ഇന്ന് നാമമാത്ര സർവീസ് മാത്രമാണ് നടക്കുന്നത്. ജെട്ടികൾ ഉപയോഗ രഹിതമായതോടെ സാമൂഹ്യവിരുദ്ധരുടെ താവളങ്ങളായി ഇന്നു മാറി. പോലീസിന്റെ പട്രോളിംഗില്ലാത്തതും ഇവർക്കു തുണയാകുന്നു.