കൊല്ലം: കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഞായർ രാവിലെയാണ് സംഭവം. മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി സന്ധ്യയും മകനും തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് എത്തി വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്.
സമീപത്തുണ്ടായിരുന്ന മറ്റ് മൽസ്യത്തൊഴിലാളികൾ വന്നാണ് വള്ളത്തിന്റെ അടിയിൽ നിന്ന് സന്ധ്യ പൊക്കിയെടുത്തത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് തുരുത്ത് നിവാസികൾക്ക് കുടിവെള്ളം ലഭിച്ചിരുന്നില്ല. ചെറു വള്ളങ്ങളിൽ മറുകരകയിലെത്തിയാണ് അവർ വെള്ളം ശേഖരിക്കുന്നത്. പതിവുപോലെ വെള്ളമെടുക്കാൻ പോയതായിരുന്നു സന്ധ്യയും മകനും. അപ്പോഴാണ് അപകടം സംഭവിച്ചത്.