കോട്ടയം: പോളയില്‍ കുടുങ്ങി പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍. ബോട്ട് നീങ്ങില്ല, വള്ളം തുഴയാനുമാകില്ല എന്ന വിധം പോളം തിങ്ങിയതിനാൽ തിരുവാര്‍പ്പ്, അയ്മനം, കുമരകം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ നിരവധി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനായില്ല. ചിലരൊക്കെ കിലോമീറ്ററുകള്‍ ചുറ്റിയാണ് വോട്ട് ചെയ്യാനെത്തിയത്.
തണ്ണീര്‍മുക്കം ബണ്ട് തുറന്നിട്ടും പോളക്കെട്ട് വഴിമുടക്കുന്നതാണ് തീരദേശക്കാരുടെ ജീവിതം വഴിമുട്ടിക്കുന്നത്. മീനച്ചിലാറിന്റെ കൈവഴികളും ഇടത്തോടുകളുമെല്ലാം പൂര്‍ണമായി പോളയില്‍ പൊതിഞ്ഞിരിക്കുന്നു.
ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പോളകാരണം നിര്‍ത്തിവച്ചതും വോട്ടിംഗിന് തിരിച്ചടിയായി. ചെറുബോട്ടുകളൊന്നും സര്‍വീസ് നടത്തുന്നില്ല. ചെറിയ എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങള്‍ മീറ്ററുകള്‍ സഞ്ചരിക്കുമ്പോഴേക്കും യന്ത്രത്തില്‍ പോള കുടുങ്ങി യാത്ര മുടങ്ങും. പോള നീക്കം ചെയ്ത് യാത്ര തുടരാന്‍ ഏറെ സമയം വേണ്ടി വരും.
കനത്ത ചൂടില്‍ വള്ളത്തില്‍ ഇരുന്ന് ക്ഷീണിതരായാണ് പലരും ബൂത്തുകളിലെത്തിയത്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന വോട്ടര്‍മാര്‍ പലരും വോട്ടവകാശം വിനിയോഗിച്ചില്ല.
ആവേശ പ്രചാരണം നടത്തിയ സ്ഥാനാര്‍ഥികളോ ഉദ്യോഗസ്ഥരോ മേഖലയിലെ വീടുകളിലേക്കു തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. ബണ്ട് തുറന്നതിനെത്തുടര്‍ന്നു കായല്‍ പ്രദേശത്തെ പോളകള്‍ മാത്രം ഉപ്പുവെള്ളം കയറി നശിക്കുന്നുണ്ട്.
അതേസമയം ഉള്‍പ്രദേശങ്ങളില്‍ പോള പടരുകയാണ്. രാവിലെ പടിഞ്ഞാറേക്ക് ഒഴുകുന്ന പോള വൈകുന്നേരം അതിവേഗം തിരികെ വരും. മണിയാപറമ്പ് മേഖലയിലെ തോടുകളില്‍ നിന്നു ഒഴുകുന്ന പോള ഇല്ലിക്കുഴി ഭാഗത്തു അടിഞ്ഞു കിടക്കുകയാണ്.