വള്ളംകെട്ടിനായി സമര്‍പ്പിച്ച ജീവിതവുമായി ഇതാ ഒരു കുടുംബം

alp-vallamnirmanamകരുവാറ്റ: വള്ളം കെട്ട് എന്ന തൊഴിലിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളിയില്‍ മഠത്തില്‍ തെക്കതില്‍  ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണിയും കുടുംബവും.  തന്റെ മുത്തച്ഛന്‍ വാസുവിനും അച്ഛന്‍ കൃഷ്ണന്‍ കുട്ടിക്കും ശേഷം 14 ാം വയസില്‍ കുലത്തൊഴിലെന്നു തന്നെ പറയാവുന്ന വള്ളം കെട്ട് തന്റെ മനസിലേക്ക് ആവാഹിക്കുകയും അച്ഛന്റെ പണിസ്ഥലത്ത് ഉച്ചഭക്ഷണം കൊടുക്കാനായി പോയി കണ്ട് നിന്നും സഹായിച്ചുമാണ് തൊഴിലിന്റെ ബാലപാഠങ്ങള്‍ ഉണ്ണികൃഷ്ണന്‍ പഠിച്ചത്.

അതിനുശേഷം എട്ടാം തരത്തില്‍ പഠനം നിര്‍ത്തി ഈ ജോലിയിലേക്ക് പ്രവേശിക്കുകയും മുപ്പതില്‍ പരം വര്‍ഷങ്ങളായി തന്റെ തൊഴില്‍ ഭംഗിയായി മുന്‍പോട്ട് കൊണ്ടുപോകുമ്പോള്‍ ഒരു വാശിമാത്രമേ മനസ്സിലുള്ളൂ. ഏത് പുതിയ യന്ത്രസാമഗ്രികള്‍ വന്നാലും മുപ്പത്, അന്‍പത് വര്‍ഷങ്ങളായി തന്റെ മുത്തച്ഛനും അച്ഛനും ഉപയോഗിച്ചിരുന്ന പഴയ രീതിയും, ഉപകരണങ്ങളായ കൊട്ടുവടി, ഉളി, ബര്‍മ്മ കൈവാള്‍, കെട്ടുകല്‍, തവിയന്‍, കപ്പുതാങ്ങി, മക്കണം, അറുളി, പൂട്ട് കമ്പ് എന്നിവ ഉപയോഗിച്ചേ വള്ളം നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുള്ളൂ എന്നത് മാത്രം. വൃശ്ചികം മുതല്‍ മേടം വരെയുള്ള മാസങ്ങളിലാണ് വള്ളം പണിക്ക് തിരക്കേറുന്നത്. എന്നാല്‍ ഇതിനിടയിലുള്ള ചില മാസങ്ങളിലും ഇദ്ദേഹം പണിചെയ്യാറുണ്ട്.

സീസണുകളില്‍ ആറുപേര്‍ ചേര്‍ന്ന് 40 തച്ചില്‍ പണിതീര്‍ക്കുന്നു. സീസണല്ലാത്ത മാസങ്ങളില്‍ ഉണ്ണികൃഷ്ണനും സുഹൃത്തുക്കളായ ബിജുവും, സഞ്ജയനും ചേര്‍ന്ന് ചില്ലറ പണികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ദിവസ വേതനം കിട്ടുന്നത് ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്ക് വിദ്യാര്‍ഥിയായ തന്റെ മകന്റെ പഠന ചെലവിനും, കുടുംബം പുലര്‍ത്തുന്നതിനും തികയില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പഴയ കാലങ്ങളില്‍ കടലില്‍ പോകുന്ന വള്ളങ്ങള്‍ പണിഞ്ഞു നല്‍കുന്നതും അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതും ഈ കുടുംബമായിരുന്നു. എന്നാല്‍ ഫൈബര്‍ വള്ളങ്ങളുടെ കടന്നുവരവ് അത്തരത്തിലുള്ള വരുമാനത്തേയും ബാധിച്ചു. ഫൈബര്‍ വള്ളം ഒട്ടിക്കാന്‍ പഠിക്കാന്‍ പോയാല്‍ തന്റെ കുടുംബം പട്ടിണിയാവുമെന്നും ഇദ്ദേഹം പറയുന്നു. അതും ആറുമാസത്തില്‍ കൂടുതല്‍ വേണം പോലും ഇത് പഠിച്ചെടുക്കാന്‍. ഇപ്പോള്‍ കരുവാറ്റ മുട്ടിയില്‍ ഹരിയുടെ വീട്ടിലാണ് വള്ളത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്.

ഒരു വള്ളം അതിന്റെ പൂര്‍ണതയിലെത്താന്‍ ഒരു മാസം എടുക്കുമെന്നും മൂവായിരത്തില്‍ പരം വള്ളങ്ങള്‍ താന്‍ നിര്‍മിക്കുകയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന നിരവധി വള്ളംകളികള്‍ക്ക് ചുണ്ടന്‍ വള്ളങ്ങളുള്‍െപ്പടെയുള്ള വള്ളങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുതല്‍ മുടക്കി ആര്‍ഭാടമാക്കുമ്പോള്‍ കടത്തുതോണി മുതല്‍ വഞ്ചി വീടുവരെ നിര്‍മിച്ചും, പുനര്‍ നിര്‍മിച്ചും തങ്ങളുടെ ജീവിതം തന്നെ വള്ളം കെട്ടിനായി സമര്‍പ്പിച്ച ഈ മനുഷ്യനെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കാണു കഴിയുക.

പുതിയ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സഹായം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇവര്‍. ഒപ്പം തന്റെ മകന്റെ പഠന ശേഷം ഒരു ഗവണ്‍മെന്റ് ജോലി കിട്ടുമെന്ന സ്വപ്‌നത്തിലാണ് പിതാവായ ഉണ്ണികൃഷ്ണന്‍. ഇല്ലെങ്കില്‍ തന്റെ തൊഴില്‍ തുടരാന്‍ മകന് മടിയില്ലെന്ന അഭിമാനത്തോടെ വള്ളം പണി പൂര്‍ത്തീകരിച്ച് ഈ ദേശത്തുനിന്നും അടുത്ത ദേശത്തേക്ക് യാത്രയാവുകയാണ് ഈ വള്ളം നിര്‍മാണതൊഴിലാളി ഉണ്ണികൃഷ്ണനും, സുഹൃത്തുക്കളും.

Related posts