വൈപ്പിൻ: കടലിൽ പ്ലാസ്റ്റിക് നിറയുന്നതിൽ പ്രധാന പങ്ക് മത്സ്യബന്ധന മേഖലക്കെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. രണ്ട് ദിവസം മുതൽ 10 ദിവസം വരെ കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധന ബോട്ടുകളിൽ തൊഴിലാളികൾക്ക് ഭക്ഷണമുണ്ടാക്കാൻ റേഷൻ എന്ന പേരിൽ അരിയും പലവ്യഞ്ജന സാധനങ്ങളുമെല്ലാം പ്ലാസ്റ്റിക്ക് കിറ്റുകളിലാക്കിയാണ് കൊണ്ടുപോകുന്നത്.
തൊഴിലാളികളാകട്ടെ തിരികെ പോരുന്പോൾ ഈ കിറ്റുകളെല്ലാം ബാക്കിയുള്ള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ കടലിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യ പ്രവർത്തകരുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്. റേഷൻ കൊണ്ടുപോകുന്ന വകയിൽ ഒരു ബോട്ടിൽ മിനിമം 10 കിറ്റുകളിൽ കൂടുതലെങ്കിലും ഉണ്ടാകും.
റേഷൻ വിതരണം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾ എളുപ്പത്തിനായി എല്ലാ സാധനങ്ങളും ഓരോ കിറ്റുകളിലോ തീരം കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളിലോ ആക്കിയാണ് നൽകുന്നത്. ഇതാണ് ഏറ്റവും ഗുരുതരം. വൈപ്പിനിൽ മുനന്പം- മുരുക്കുംപാടം കേന്ദ്രീകരിച്ച് 750ൽ പരം വലിയ മത്സ്യബന്ധന ബോട്ടുകൾ മത്സ്യബന്ധനം നടത്തി വരുന്നുണ്ട്.
ഇവയാകട്ടെ ആഴ്ചയിൽ ഒരിക്കൽ കടലിൽ നിക്ഷേപിക്കുന്നത് ഏതാണ്ട് 7500 നു മേലെ എണ്ണം വരുന്ന പ്ലാസ്റ്റിക് കിറ്റുകളാണെന്നാണ് ആരോഗ്യ വകുപ്പിന്റെ ഏകദേശ കണ്ടെത്തൽ. ദിനം പ്രതി മത്സ്യബന്ധനം നടത്തി വരുന്ന 100 ഓളം ബോട്ടുകൾ പുറം തള്ളുന്ന കിറ്റുകൾ കൂടാതെയുള്ള കണക്കാണിതി.
ഇങ്ങിനെ കിറ്റുകൾ കടലിൽ നിക്ഷേപിക്കുന്നത് ദൂരവ്യാപകമായ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞ സാഹചര്യത്തിൽ സിഎംഎഫ്ആർഐ പോലുള്ള കേന്ദ്ര ഏജൻസികൾ കടൽ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികളും ബോധവൽകരണവുമൊക്കെയായി രംഗത്തുണ്ടെങ്കിലും റേഷൻ കൊണ്ടുപോകുന്നതിനു പ്ലാസ്റ്റിക് കിറ്റ് ഒഴിവാക്കാൻ ഒരിടത്തും നടപടികൾ ആയിട്ടില്ല.
പ്ലാസ്റ്റിക് കിറ്റുകൾ കടലിൽ തള്ളുന്ന രീതി ഉപേക്ഷിച്ചില്ലെങ്കിൽ മത്സ്യങ്ങളുടെ വംശനാശത്തിനും ഇതു വഴി മത്സ്യമേഖലയുടെ നാശത്തിനും മനുഷ്യന്റെ ആരോഗ്യത്തകർച്ചക്കും കാരണമാകുമെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മുനന്പം മത്സ്യബന്ധന മേഖലയിൽ മത്സ്യതൊഴിലാളികളുടേയും ബോട്ടുടമകളുടേയും വ്യാപാരി പ്രതിനിധികളുടേയും യോഗം വിളിക്കാൻ മുനന്പത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻമാർ ആലോചിക്കുന്നുണ്ട്.