തൃക്കരിപ്പൂർ: തീരദേശ ജനതയുടെ ഏക യാത്രാ മാർഗമായ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിലതെറ്റി ആഴക്കയത്തിൽ. മൂന്ന് പതിറ്റാണ്ട് മുൻപ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോൾ അനുവദിച്ച ബോട്ട് സർവീസിനാണ് ഈ ദുർഗതി വന്നിട്ടുള്ളത്.
കായലിനും കടലിലും ഇടയിലുള്ള വലിയപറമ്പിലെ ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്ന ബോട്ട് സർവീസ് സമ്പൂർണ ലോക്ഡൗണിന് ശേഷം ഇനിയും കാര്യക്ഷമമായിട്ടില്ല. വലിയപറമ്പ്, പടന്ന, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകൾക്ക് പുറമെ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെയും രാമന്തളി പഞ്ചായത്തിലെയും തീരദേശ മേഖലയിലെ മൽസ്യതൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും വർഷങ്ങളായി ആശ്രയിച്ചിരുന്ന
ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ ചെറിയ ബോട്ടുകൾ അനുവദിക്കുകയും ഷട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്താൽ വരുമാനം വർദ്ധിക്കുമെന്ന് മാത്രമല്ല കൂടുതൽ വിനോദ സഞ്ചാരികളെയും ആകഷിക്കാനുമാകും. ‘
നാലു മുതൽ ആറുവരെ ബോട്ടുകൾ സർവീസ് നടത്തിവന്ന ജലഗതാഗത പാതയിൽ ഇപ്പോൾ സർവീസ് നടത്താൻ ഉള്ളത് ഒരു ബോട്ട് മാത്രമാണ്. അതും സുരക്ഷിതമല്ലാത്ത രീതിയിൽ തുരുമ്പിച്ച് അപകടാവസ്ഥയിലായിട്ടുണ്ട്. മറ്റൊരു ബോട്ട് അറ്റകുറ്റ പണികൾ നടത്തി കായലോരത്ത് കെട്ടിയിട്ടിട്ട് ഒരു വർഷത്തിലേറെയായി.
ആകെയുള്ള ബോട്ട് സർവീസ് സമയത്തിൽ കാര്യമായ മാറ്റം വരുത്തിയത് ഇതിനെ ആശ്രയിച്ചു യാത്രചെയ്തു വന്ന തീരദേശ മേഖലയിലുള്ളവരെ ഇതിൽ നിന്നും അകറ്റി.
അറ്റകുറ്റ പണിനടത്താൻ കണ്ണൂർ സിൽക്കിനെയും ചെറുവത്തൂരിലെ യാർഡിനെയും ആശ്രയിക്കുന്നത് ഒഴിവാക്കി വേഗത്തിലുള്ള പരിഹാരത്തിനായി രണ്ടു കോടിയിൽപ്പരം രൂപ മുടക്കി പണിത സ്ലിപ് വേ ഇനിയും പ്രവർത്തനക്ഷമമായിട്ടില്ല. നിർമാണത്തിലെ അപാകത മൂലം വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന സംഭവവും മേഖലാ കാര്യാലയത്തിലുണ്ടായി.
ഇതിന് ശേഷം നടത്തിയ സ്ലിപ് വേയുടെ ട്രയലിൽ തന്നെ കേബിളും റെയിലും പൊട്ടി പ്രവർത്തനം നിലച്ചു. രണ്ടു കോടി ചെലവിട്ടതിന് പുറമെ മാസങ്ങൾക്ക് മുമ്പ് വീണ്ടും 60 ലക്ഷം രൂപ കൂടി സ്ലിപ്വേക്ക് അനുവദിച്ചുവെങ്കിലും കോൺക്രീറ്റ് ചെയ്ത തൂണിൽ കപ്പി ഉറപ്പിച്ചു എന്നല്ലാതെ ലോക്ഡൗണിന്റെ പേര് പറഞ്ഞ് നിർമാണം നിർത്തിവെച്ചിരിക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണിക്കായി കരയിൽ കയറ്റിവച്ച മര ബോട്ട് യഥാസമയം പണി നടത്താത്തതു മൂലം ഒടിഞ്ഞു നുറുങ്ങി നാടപ്പാതക്കിടയിൽ ജനങ്ങളുടെ യാത്രക്ക് തടസമായി കിടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ലേലം ചെയ്തു നൽകിയിരുന്നെങ്കിൽ പതിനായിരക്കണക്കിന് രൂപ ലഭിക്കുമായിരുന്ന ബോട്ടിന്റെ എൻജിൻ പോലും തുരുമ്പെടുത്തു.