ബിജോ ടോമി
കൊച്ചി: സുരക്ഷിത യാത്രയ്ക്ക് ആധുനിക രീതിയിലുള്ള പുതിയ ബോട്ടുകൾക്കായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പ് നീളുന്നു. ജലഗതാഗത വകുപ്പ് പുതിയ ഒന്പത് കറ്റാമറൈൻ ഫൈബർ ബോട്ടുകൾ അനുവദിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും ഇതുവരെയും നിർമാണം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയിയിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഈ വർഷം പോലും സർവീസ് ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നിലവിൽ പത്തു വർഷത്തിലധികം പഴക്കമുള്ള ബോട്ടുകളാണ് യാത്രക്കാരെയുമായി സർവീസ് നടത്തുന്നത്. കാലപ്പഴക്കത്താൽ ദ്രവിച്ച ബോട്ടിന്റെ ഭാഗങ്ങളിൽ തകരപ്പാട്ട അടിച്ചാണ് പല ബോട്ടുകളുടേയും സർവീസ്. ഫോർട്ടു കൊച്ചി ബോട്ടപകടം നടന്നു രണ്ടു വർഷം പിന്നിടുന്പോഴും അധികൃതർ അനാസ്ഥ തുടരുകയാണ്.
ഒരു വർഷം മുന്പാണ് സംസ്ഥാന ജലഗതാഗത വകുപ്പ് 14 പുതിയ യാത്രാബോട്ടുകൾ അനുവദിച്ചത്. ഒന്പത് കറ്റാമറൈൻ ഫൈബർ ബോട്ടുകളും അഞ്ച് സ്റ്റീൽ ബോട്ടുകളും. ഇതിൽ കറ്റാ മറൈൻ ബോട്ടുകൾ കൊച്ചിക്കും സ്റ്റീൽ ബോട്ടുകൾ ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലേക്കുമാണ് അനുവദിച്ചത്. ഇതിൽ കറ്റാമറൈൻ ബോട്ടുകളുടെ നിർമാണം നടക്കുന്നത് കൊടുങ്ങല്ലൂരുള്ള നവഗതി മറൈൻ ഡിസൈൻസ് ആൻഡ് കണ്സ്ട്രഷൻസിലും അരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാഗ മറൈനിലുമാണ്.
ഏഴെണ്ണത്തിന്റെ നിർമാണച്ചുമതല പ്രാഗ മറൈനും രണ്ടെണ്ണത്തിന്റെ ചുമതല നവഗതിക്കുമാണ് നൽകിയിരിക്കുന്നത്.
എന്നാൽ നേരത്തെ വൈക്കം – എറണാകുളം പാതയിൽ അനുവദിച്ച 120 പേർക്ക് കയറാവുന്ന യാത്രാ ബോട്ടിന്റെ നിർമാണം നവഗതിയിലും ആലപ്പുഴ – കുമരകം – കോട്ടയം റൂട്ടിൽ അനുവദിച്ച ബോട്ടിന്റെ നിർമാണം പ്രാഗ മറൈനിലും നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ നിർമാണത്തിനു ശേഷമാകും കറ്റാമറൈൻ ബോട്ടുകളുടെ നിർമാണം ആരംഭിക്കുക. അതു കൊണ്ടുതന്നെ ബോട്ടുകൾ സർവീസ് ആരംഭിക്കാൻ ഇനിയും വൈകും. സ്വന്തമായി യാർഡും പരിചയസന്പത്തും ഉള്ള ബോട്ടു നിർമാണ കന്പനികളുടെ അഭാവം മൂലം നിർമാണത്തിന് മറ്റു കന്പനികളെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പുതിയ ബോട്ടുകൾ എത്തുന്നതോടെ നിലവിലെ ദുരിതം പിടിച്ച യാത്രയ്ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എന്നാൽ പുതിയ ബോട്ടുകൾ എത്താൻ എത്രനാൾ കാത്തിരിക്കണമെന്ന് ഇവർ ചോദിക്കുന്നു. നിലവിൽ എട്ടു ബോട്ടുകളാണ് എറണാകുളം ജെട്ടിയിൽ നിന്നു വൈപ്പിൻ-ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്കു സർവീസ് നടത്തുന്നത്.
എറണാകുളത്തുനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് ദിവസവും അറുപത് ട്രിപ്പുകളും മട്ടാഞ്ചേരിയിലേക്ക് 25 ട്രിപ്പുകളുമുണ്ട്. പത്തു വർഷത്തിലേറെ പഴക്കമുള്ള ഈ ബോട്ടുകളുമൊക്കെ കാലപ്പഴക്കത്താൽ തകരാറിലാകുന്നത് പതിവുകാഴ്ചയാണ്. ഇതു മൂലം പകുതി ട്രിപ്പുകൾ പോലും നടത്താൻ കഴിയുന്നില്ല.
മൂന്നു മാസം കൂടുന്പോൾ പെയിന്റടിച്ച് സർവീസിനിറക്കിയാലും ഉപ്പുവെള്ളം കയറുന്നതുമൂലം വീണ്ടും തുരുന്പെടുക്കും. ദ്രവിച്ച ഭാഗങ്ങളിൽ തകരപ്പാട്ട അടിച്ചാണ് പല ബോട്ടുകളും സർവീസ് നടത്തുന്നത്. പുതിയ ഫൈബർ ബോട്ടുകൾ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.