വൈപ്പിൻ: ഫോർട്ട് കൊച്ചി-വൈപ്പിൻ ഫെറി റൂട്ടിലെ യാത്രക്ലേശം പരിഹരിക്കാൻ കാളമുക്ക് ഗോശ്രീ കവലയിൽ നിന്നും ബോട്ട് സർവീസ് ആരംഭിക്കണമെന്ന ഏറെ നാളായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ കൊച്ചി നഗരസഭയ്ക്ക് രണ്ട് റോ റോ ജങ്കാറുകളും ഒരു ഫെറി ബോട്ടും സ്വന്തമായുണ്ടെങ്കിലും ഈ റൂട്ടിൽ യാത്ര ക്ലേശം രൂക്ഷമാണ്.
റോറോ നടത്തിപ്പുകാരായ കിൻകോ തോന്നിയ പോലെയാണ് സർവീസ് നടത്തുന്നതെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആരോപണം. രാവിലെ ആറുമണി മുതൽ എട്ടരവരെയും രാത്രി എട്ടരമുതൽ പത്ത് മണിവരെയും ഒരു ജങ്കാർ മാത്രമാണ് സർവ്വീസിനുള്ളത്. ബാക്കി സമയത്ത് മാത്രമെ രണ്ട് ജങ്കാറുകൾ സർവീസിനുള്ളു. ജങ്കാർ പണിമുടക്കിയാൽ യാത്രക്കാർ ഇരുകരകളിൽ പെട്ട് പോകുന്ന അവസ്ഥ ഇപ്പോൾ പതിവാണ്.
ഈ സാഹചര്യത്തിലാണ് നിലവിലെ ജെട്ടിയിൽ നിന്നും അരകിലോമീറ്ററോളം വടക്കോട്ട് മാറി ഗോശ്രീ കവലയിൽ നിന്നും ബോട്ട് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഇവിടെ നിന്നും സർവീസ് ആരംഭിച്ചാൽ ഫോർട്ട് വൈപ്പിൻ സ്റ്റാന്റിലേക്ക് എത്താതെ തന്നെ യാത്രക്കാർക്ക് ഫെറി ജെട്ടിയിലെത്താൻ കഴിയും. സർവീസിനായി നഗരസഭയുടെ പുതിയ ബോട്ടും ഗോശ്രീ കവലയിൽ മൂന്നാം പാലത്തിന്റെ പടിഞ്ഞാറെ അപ്രോച്ചിനു താഴെ ഇരുവശങ്ങളിലുമായി ജെട്ടിനിർമിക്കാൻ സ്ഥലവുമുണ്ട്.
കൊച്ചി നഗരസഭയുടെ തീരുമാനവും പോർട്ടിന്റെ അനുമതിയും മാത്രം മതി ഇവിടെ നിന്നും സർവീസ് ആരംഭിക്കാനെന്ന് വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. താൽകാലികമായി ബോട്ട് അടുപ്പിക്കാൻ ഇപ്പോൾ തന്നെ സ്ഥലമുണ്ട്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സർവീസ് ആരംഭിക്കാൻ കഴിയും.
പിന്നീട് പാലത്തിന്റെ അപ്രോച്ചിന്റെ ഏതെങ്കിലും ഒരു വശത്ത് നല്ലരീതിയിൽ ജെട്ടി നിർമിച്ചാൽ മതിയാകുമെന്നാണ് യാത്രക്കാരുടെ നിർദേശം.
രണ്ട് റോ റോ ജങ്കാറുകളുംരാവിലെ ആറുമണി മുതൽ രാത്രി പത്ത് മണിവരെ സർവീസ് നടത്തുക, റോ റോ സർവീസിനായി കന്പനി രൂപീകരിക്കാമെന്ന നഗര സഭയുടെ വാഗ്ദാനം ഉടൻ പാലിക്കുക എന്നീ ആവശ്യങ്ങളും പാസഞ്ചേഴ്സ് അസോസിയേഷൻ മുന്നോട്ട് വെക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയർക്ക് നിവേദനം നൽകിയിട്ടുള്ളതായി അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസീസ് ചമ്മിണി അറിയിച്ചു.