കോട്ടയം: പുതുവത്സരത്തിൽ കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസ് കാഞ്ഞിരം വഴിയാകും.
ഇപ്പോൾ തകരാറിലായ കൊടൂരാറ്റിലെ ചുങ്കത്ത് മുപ്പത് പാലം നന്നാക്കാൻ നടപടിയായി. തകരാർ പരിഹരിച്ച് ജനുവരി ഒന്നിന് കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് കാഞ്ഞിരം വഴിയോടിക്കും. പാലം നിർമിച്ച കെൽ കന്പനി തന്നെയാവും തകരാറും പരിഹരിക്കുക. നഗരസഭയും കന്പനിയും ചേർന്ന് ഇതിനുള്ള കരാറുണ്ടാക്കി.
ആദ്യം എട്ടര ലക്ഷം ചോദിച്ച കന്പനി മൂന്നു ലക്ഷത്തിനു പാലം നന്നാക്കാമെന്നു സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് തീരുമാനമായത്. നഗരസഭയാണ് അറ്റകുറ്റപ്പണിക്കുള്ള തുക നല്കുന്നത്. പാലത്തിന്റെ തകരാർ പരിഹരിക്കുന്നതോടൊപ്പം വൈദ്യുതി ഇല്ലാത്ത സമയത്ത് പാലം ഒരാൾക്ക് തനിയേ പൊക്കാവുന്ന രീതിയിൽ ക്രമീകരിക്കാമെന്ന് കെൽ കന്പനി നഗരസഭയ്ക്ക് ഉറപ്പു നല്കി.
മാത്രവുമല്ല ഒരു വർഷത്തെ മെയിന്റനസ് പണികളും കെൽ കന്പനി ചെയ്യണമെന്നാണ് കരാർ. ഇക്കാര്യങ്ങളെല്ലാം ഭംഗിയായി പൂർത്തിയായാൽ പുതുവത്സരത്തിന് കോട്ടയത്തു നിന്നുള്ള ബോട്ട് കാഞ്ഞിരം വഴി ആലപ്പുഴയ്ക്ക് ഓടും.
പത്തു മാസത്തോളമായി ചുങ്കത്ത് മുപ്പത് പാലം തകരാറിലാണ്. 53 ലക്ഷം രൂപ മൂടക്കി കെൽ കന്പനിയാണ് ബോട്ട് വരുന്പോൾ ഉയർത്താവുന്ന നിലയിലുള്ള പാലം നിർമിച്ചത്.
പാലം ഉയർത്താനാവാതെ വന്നതോടെ കോട്ടയത്തുനിന്ന് കാഞ്ഞിരം വഴി ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസ് നിലച്ചു. പകരം പള്ളം വഴിയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.കാഞ്ഞിരം വഴി ബോട്ട് സർവീസ് മുടങ്ങിയതോടെ കായൽ മേഖലയിലെയും ആർ ബ്ലോക്കിലെയും വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചു. നിരവധി പരാതികൾ നല്കി മടുത്ത നാട്ടുകാർ ഒടുവിൽ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചു.
ഇതോടെയാണ് പാലം പണിക്ക് ചൂടേറിയത്. നഗരസഭാ അധികൃതരും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും കോടതിയിലെത്തി. കോടതി നിർദേശത്തെ തുടർന്നാണ് നഗരസഭ കെൽ കന്പനി അധികൃതരുമായി വീണ്ടും ചർച്ച നടത്തി പാലം അറ്റകുറ്റപ്പണികൾക്കുള്ള കരാറുണ്ടാക്കിയത്.