കോട്ടയം: പുതുവർഷപ്പുലരിയിൽ ബോട്ട് എത്തുന്നതും കാത്തിരിക്കുകയാണ് യാത്രക്കാരും കാഞ്ഞിരം നിവാസികളും. കൊടൂരാറ്റിലെ ചുങ്കത്ത് മുപ്പത് പാലത്തിന്റെ തകരാർ പരിഹരിച്ച് ജനുവരി ഒന്നിന് കോട്ടയം-ആലപ്പുഴ ബോട്ട് കാഞ്ഞിരം വഴി സർവീസ് പുനരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
ബോട്ട് വരുന്പോൾ പൊക്കാവുന്ന രീതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ തകരാർ പരിഹരിക്കുന്നതിന് കെൽ കന്പനി കോട്ടയം നഗരസഭയുമായി കരാർ വച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാലത്തിലുണ്ടായിരുന്ന മോട്ടോർ കഴിഞ്ഞ ദിവസം കന്പനി ജീവനക്കാരെത്തി അഴിച്ചെടുത്തു.
പുതുവർഷത്തിന് ഇനി നാലു ദിവസം കൂടിയേയുള്ളു. അതിനു മുൻപ് പാലത്തിന്റെ തകരാർ തീർക്കണം. ജനുവരി ഒന്നിന് പാലത്തിന്റെ തകരാർ പരിഹരിച്ച് ബോട്ട് ഓടിക്കാൻ കഴിയുമെന്നാണ് ഇതു സംബന്ധിച്ചു ലഭിച്ച പരാതി പരിഗണിക്കവേ ലീഗൽ സർവീസ് അതോറിറ്റിയിൽ കെൽ കന്പനി പ്രതിനിധികൾ അറിയിച്ചത്. ഇനി അറിയേണ്ടത് നാലു ദിവസത്തിനുള്ളിൽ പാലം പണി പൂർത്തിയാകുമോ എന്നാണ്.
പാലത്തിന്റെ പണി തീർക്കുന്നതിന് ആദ്യം എട്ടര ലക്ഷം ചോദിച്ച കന്പനി മൂന്നു ലക്ഷത്തിന് അംഗീകരിക്കുകയായിരുന്നു. നഗരസഭയാണ് അറ്റകുറ്റപ്പണിക്കുള്ള തുക നല്കുന്നത്. പാലത്തിന്റെ തകരാർ പരിഹരിക്കുന്നതോടൊപ്പം വൈദ്യുതി ഇല്ലാത്ത സമയത്ത് പാലം ഒരാൾക്ക് തനിയെ പൊക്കാവുന്ന രീതിയിൽ ക്രമീകരിക്കാമെന്നും ഒരു വർഷത്തെ മെയിന്റനസ് പണികൾ സൗജന്യമായി ചെയ്തുകൊടുക്കാമെന്നും കെൽ കന്പനി സമ്മതിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം ഭംഗിയായി പൂർത്തിയായാൽ പുതുവത്സരത്തിന് കോട്ടയത്തു നിന്നുള്ള ബോട്ട് കാഞ്ഞിരം വഴി ആലപ്പുഴയ്ക്ക് ഓടും. പത്ത് മാസത്തോളമായി ചുങ്കത്ത് മുപ്പത് പാലം തകരാറിലായിട്ട്. 53 ലക്ഷം രൂപ മൂടക്കി കെൽ കന്പനിയാണ് ബോട്ട് വരുന്പോൾ ഉയർത്താവുന്ന നിലയിലുള്ള പാലം നിർമിച്ചത്. പാലം ഉയർത്താനാവാതെ വന്നതോടെ കോട്ടയത്തു നിന്ന് കാഞ്ഞിരം വഴി ആലപ്പുഴക്കുള്ള ബോട്ട് സർവീസ് നിലച്ചു. പകരം പള്ളം വഴിയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കാഞ്ഞിരം വഴി ബോട്ട് സർവീസ് മുടങ്ങിയതോടെ കായൽ മേഖലയിലെയും ആർ ബ്ലോക്കിലെയും വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചു. നിരവധി പരാതികൾ നല്കി മടുത്ത നാട്ടുകാർ ഒടുവിൽ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചു. ഇതോടെയാണ് പാലംപണിക്ക് ചൂടേറിയത്. നഗരസഭാ അധികൃതരും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും കോടതിയിലെത്തി. കോടതി നിർദേശത്തെ തുടർന്നാണ് നഗരസഭ കെൽ കന്പനി അധികൃതരുമായി വീണ്ടും ചർച്ച നടത്തി പാലം അറ്റകുറ്റപ്പണികൾക്കുള്ള കരാറുണ്ടാക്കിയത്.