പാപ്പിനിശേരി: പറശിനിക്കടവ്- മാട്ടൂൽ റൂട്ടിലെ യാത്രാബോട്ട് നിലച്ചിട്ട് ഒരു മാസമാവുന്നു. ബോട്ട് സർവീസ് നിലച്ചതോടെ യാത്രക്കാർ തീരാദുരിതത്തിലാണ്.അഴീക്കൽ-മാട്ടൂൽ റൂട്ടിലെ ബോട്ടാണ് ഒരുമാസം മുന്പാണ് കേടായത്. ഇതേതുടർന്ന് പറശിനിക്കടവ് റൂട്ടിലോടുന്ന ബോട്ട് അഴീക്കലേക്ക് മാറ്റി. നേരത്തെ മാട്ടൂൽ-അഴീക്കൽ റൂട്ട് സർക്കാർ ഏറ്റെടുത്തതോടെയാണ് പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് അറുതിയായത്.
ജലഗതാഗതവകുപ്പ് നേരിട്ടാണ് ഈ റൂട്ടിൽബോട്ട് സർവീസ് നടത്തുന്നത്. ടി.വി.രാജേഷ് എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തിന് അന്ന് സർക്കാർ അംഗീകാരം നൽകിയത്. ദിവസവും 20 മിനുട്ട് ഇടവേളകളിൽ രാവിലെ 5.45ന് അഴീക്കലിൽനിന്നാരംഭിച്ച് ഇരുകരകളിലേക്കുമായി 45 സർവീസ് നടത്തിയിരുന്ന ബോട്ടിന് നല്ല വരുമാനവുമുണ്ട്.
മാട്ടൂൽ പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന കടത്ത് സർവീസ് നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഫലപ്രദമായി ഇടപെട്ട് സർക്കാർ ബോട്ട് ഓടിക്കാൻ തയ്യാറാകാതെ സ്വകാര്യ വ്യക്തിക്ക് കടത്ത് സർവീസ് നടത്താൻ അനുമതി നൽകുകയായിരുന്നു പഞ്ചായത്ത് അധികൃതർ. പ്രതിമാസം ലക്ഷങ്ങൾ ലാഭം കിട്ടുന്ന സർവീസ് സ്വകാര്യവ്യക്തിക്ക് തോന്നിയപടി നടത്താൻ അനുമതി നൽകിയ പഞ്ചായത്തിനെതിരെ കടുത്ത വിമർശനവും പ്രതിഷേധവും ഉയർന്നിട്ടും നിലപാടിൽ മാറ്റം വരുത്തിയില്ല.
കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ ബോട്ടാണ് അന്ന് സർവീസ് നടത്തിയിരുന്നത്. മീൻ പിടുത്ത ബോട്ട് രൂപമാറ്റം വരുത്തിയാണ് യാത്രക്കെത്തിച്ചത്. ഇതിനിടെയാണ് 2017 ഡിസംബർ മൂന്നിന് 40 യാത്രക്കാരുമായി പോകുകയായിരുന്ന കടത്ത് ബോട്ട് യന്ത്രത്തകരാറിനെ തുടർന്ന് അഴിമുഖത്ത് കുടുങ്ങിയത്. കടലിന്റെ കുത്തൊഴുക്കിൽ പെട്ട് ഒഴുകിയ ബോട്ടിലെ യാത്രക്കാരുടെ നിലവിളി കേട്ട് ബോട്ടും തോണികളുമായി മത്സ്യതൊഴിലാളികളും നാട്ടുകാരും എത്തിയാണ് ഏറെ സാഹസപ്പെട്ട് എല്ലാവരെയും രക്ഷിച്ചത്.
പുലിമുട്ടിലെ കൂറ്റൻ പാറക്കെട്ടുകൾക്കടുത്തേക്ക് ഒഴുകിയെത്തുന്നതിന് മുമ്പ് മുഴുവനാളുകളെയും കരക്കെത്തിക്കാനായതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവശേഷവും സർവീസ് നടത്തിക്കാൻ സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്താൻ പഞ്ചായത്ത് ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ അഴീക്കൽപോർട്ട് അധികൃതരും ജലഗതാഗത വകുപ്പും കോസ്റ്റൽ പോലീസും ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് യാത്രക്കാരുടെ ജീവൻപന്താടുന്ന നിലപാടിന് അറുതിയായത്.
പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് ടി.വി. രാജേഷ് എംഎൽഎ മന്ത്രിമാരെയും ജലഗതാഗത വകുപ്പ് മേധാവിമാരെയും നേരിൽ കണ്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് റൂട്ട് സർക്കാർ ഏറ്റെടുക്കാനും പുതിയ ബോട്ട് അനുവദിക്കാനും നടപടിയായത്. രാവിലെ എട്ടോടെ പറശിനിക്കടവിൽനിന്ന് പുറപ്പെടുന്ന ബോട്ട് മാട്ടൂലിലെത്തിയശേഷം രാവിലെ മുതൽ മാട്ടൂൽ- അഴീക്കൽ കടത്തുകളിലേക്ക് ഇടവേളകളില്ലാതെ സർവീസ് നടത്തിവരികയായിരുന്നു.
നിലവിൽ ജലഗതാഗത വകുപ്പിന്റെ രണ്ട് ബോട്ട് മാട്ടൂൽ-അഴീക്കൽ – പറശിനി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഒരു ബോട്ട് കൂടി അനുവദിക്കാത്തത് കാരണം അറ്റകുറ്റപണിവരുമ്പോൾ പറശിനി മാട്ടൂൽ ബോട്ട് സർവീസ് ഒഴിവാക്കേണ്ട അവസ്ഥയാണ്. ഈ മാസം 15നകം അറ്റകുറ്റപണി തീരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.