വൈക്കം: വൈക്കം – എറണാകുളം അതിവേഗ എസി ദീർഘദൂരബോട്ട് വേഗ 120 യാത്ര ആരംഭിച്ചു. കന്നി യാത്ര ഇന്നു രാവിലെ 7.30ന് ഏറണാകുളത്തേക്ക് പുറപ്പെട്ടു. ഇന്നലെ വൈക്കത്തു നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക് ബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബസ് സർവീസുമായി ബോട്ടു സർവീസ് മൽസരിക്കുന്ന കാലം വരികയാണെന്ന് മന്ത്രി പറഞ്ഞു.
ജലഗതാഗതരംഗത്ത് മുന്നേറ്റമുണ്ടാക്കാൻ കൂടുതൽ അതിവേഗ ബോട്ടുകൾ ഉടൻ നീറ്റിലിറക്കുമെന്നും ജലയാത്ര കൂടുതൽ ആകർഷകമാക്കാൻ വാട്ടർ ടാക്സികളുടെ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര ഒരുക്കുന്നതിനൊപ്പം വിനോദ സഞ്ചാര സാധ്യത കൂടി വികസിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് പരിഷ്കാരനടപടികൾ കാര്യക്ഷമമായി നടപ്പാക്കി വരുന്നത്.
സ്റ്റീൽനിർമിതമായ അഞ്ചു ബോട്ടുകൾ ഉടൻ നീറ്റിലിറക്കും. വൈക്കം – തവണക്കടവ് ഫെറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സോളാർ ബോട്ട് സർവീസ് അതിവിജയമായതിന്റെ അടിസ്ഥാനത്തിൽ രണ്ടു നില സോളാർ ബോട്ട് ഈ സാന്പത്തിക വർഷം തന്നെ സർവീസ് തുടങ്ങും.
രാത്രി കാലങ്ങളിൽ ഓടിക്കാൻ പറ്റുന്ന രണ്ടു സോളാർ ബോട്ടുകളുടെ നിർമാണം പുരോഗമിച്ചു വരികയാണ്. ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കും കുമരകത്തേക്കും അതിവേഗ എസി ബോട്ടുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം എൽ എ മായ സി.കെ.ആശ , എ.എം.ആരീഫ്, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി.നായർ, വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.
ബോട്ട് സമയവും യാത്രാ നിരക്കും
രാവിലെ 7.30നു വൈക്കം ജെട്ടിയിൽ നിന്നു പുറപ്പെടുന്ന ബോട്ട് 9.30ന്് എറണാകുളത്ത് എത്തും. പെരുന്പളം സൗത്ത്, പാണാവള്ളി, തേവര ഫെറി, എന്നി സ്റ്റോപ്പുകളിലൂടെ കടന്നാണ് 9.30 ന് ബോട്ട് എറണാകുളത്തെത്തുന്നത്. വൈക്കം – എറണാകുളം യാത്രാ നിരക്ക് നോണ്‍ എ സി 40 രൂപയും എസി 80 രൂപയുമാണ്.
തേവര നോണ്‍ എസി 30, എസി 60, പെരുന്പളം, പാണാവള്ളി നോണ്‍ എസി 20,എ സി 40. എറണാകുളം ജെട്ടിയിൽ നിന്നും തേവര ഫെറിയിലേയക്ക് നോണ്‍ എസി 10 രൂപ, എസി 20 രൂപ. കൂടുതൽ വിവരങ്ങൾക്ക് 9400050358, 94000503 48 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.