വീടിന്റെ ടെറസിന്റെ മുകളിൽ സൂക്ഷിച്ചിരുന്ന ചെറിയ കളിവള്ളം കാണാതായി. കുമരകം ആറാം വാർഡിൽ കണ്ണാടിച്ചാൽ പാലത്തിനു സമീപം എഴുപതിൽ പരേതനായ തോമസ് കുട്ടിയുടെ വെപ്പ് വിഭാഗത്തിൽപ്പെട്ട കൊച്ചുകളിവള്ളമാണ് കാണാതായത്.
ഒരാൾ തുഴയുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി നിർമിച്ചതാണ് വള്ളം. തോമസുകുട്ടി, മകൾ സീമയുടെ പോരാണ് ഈ സുന്ദരൻ കൊച്ചുവള്ളത്തിനു നൽകിയിരുന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പുരപ്പുറത്തുനിന്നു വള്ളം മോഷണംപോയത്.
വിധവയായ ഗൃഹനാഥ ഗ്രേസിക്കുട്ടി രണ്ടുമാസം മുമ്പ് രോഗബാധയെത്തുടർന്ന് മകളുടെ വീട്ടിലേക്ക് താമസം മാറിയതോടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഗ്രേസിക്കുട്ടിയും മരിച്ചു. രോഗം ഗുരുതരമായതോടെ വീടു വൃത്തിയാക്കാനെത്തിയ ബന്ധുക്കളാണ് വള്ളം നഷ്ടമായ വിവരം അറിഞ്ഞത്.
രണ്ടുപേർക്കു പുരപ്പുറത്തുനിന്നു താഴെയിറക്കാൻ കഴിയുന്ന ഭാരം മാത്രമാണ് വള്ളത്തിനുള്ളത്. പുരപ്പുറത്തുനിന്നു വെള്ളം ഒഴുകിപ്പോകാൻ വച്ചിരിക്കുന്ന പൈപ്പിൽ ഉരഞ്ഞ പാടുകൾ കാണുന്നുണ്ടെന്നും കയർകെട്ടി താഴെയിറക്കി കൊണ്ടുപോയതാകാമെന്നും ബന്ധുക്കൾ പറയുന്നു.
കൗതുകകരമായ ഈ തടി വള്ളത്തിന് ഒരു ലക്ഷത്തിലധികം രൂപ വില പറഞ്ഞിട്ടും പെൺമക്കൾ മൂവരും വിൽക്കാൻ തയാറായിരുന്നില്ല. പപ്പായുടെ ഓർമയ്ക്കായി അവർ വള്ളം സൂക്ഷിക്കുകയായിരുന്നു. കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.