തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ബിഗ്സല്യൂട്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ച ഓരോബോട്ടിനും ഇന്ധനത്തിനു പുറമെ 3000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ പറ്റുകയോ തകരുകയോ ചെയ്ത ബോട്ടുകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എങ്ങനെയാണോ എത്തിച്ചത് അതുപോലെ തന്നെ അവ തിരികെ എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തമേഖലയിൽ സമാനതയില്ലാത്ത പ്രവർത്തനമാണ് മത്സ്യത്തൊഴിലാളികൾ നടത്തിയത്. മത്സ്യത്തൊഴിലാളികൾ തിരികെ ചെല്ലുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവർക്ക് സ്വീകരണം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
പത്തനംതിട്ടയിലെ പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഓഖി ദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയാണ് നേതൃത്വം നൽകിയത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും പാടങ്ങളിലൂടെയും ചെറിയ റോഡുകളിലൂടെയുമെല്ലാം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും ബോട്ടുകളുമോടിച്ചു ജീവൻരക്ഷാപ്രവർത്തനം നടത്തി.
ഒഴുക്കില്‍ ‘കമ്പ’ കെട്ടിയും നീന്തിയും മത്സ്യത്തൊഴിലാളികള്‍ തിരികെ പിടിച്ചത് നിരവധി ജീവനുകളാണ്. മത്സ്യത്തൊഴിലാളികളുടെ ധൈര്യവും വെള്ളത്തിലുള്ള പരിചയവും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുപോലും രക്ഷിക്കാന്‍ കഴിയാതിരുന്നവരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ സ്വന്തം പണം മുടക്കിയാണ് വണ്ടികളില്‍ വള്ളങ്ങളുമായി മത്സ്യത്തൊളിലാളികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞത്. തിരുവന്തപുരത്തുനിന്നു മാത്രം അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളും ഇരുന്നൂറ്റി അന്‍പതിലേറെ വള്ളങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രാഥമിക കണക്കനുസരിച്ച് 600 യാനങ്ങളും 4,000 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.