കൊച്ചി: കൊച്ചി പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കിയത് വിദേശകപ്പൽ. പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകർത്തത്. അപകടമുണ്ടാക്കിയ കപ്പൽ കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലക്ഷദ്വീപിനടുത്താണ് ഈ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഉച്ചയോടെ ഈ ബോട്ട് കൊച്ചിയിലേക്കു എത്തിക്കാനാണ് കോസ്റ്റ്ഗാർഡ് ശ്രമിക്കുന്നത്. പുതുവൈപ്പിനിൽനിന്നു 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
അപകടത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ എത്തിയവരാണ് രക്ഷപ്പെടുത്തിയത്. പുലർച്ചെ രണ്ടു മണിക്ക് അപകടമുണ്ടാക്കിയശേഷം നാലുമണിയോടെയാണ് ഇവരെ കരയിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് രക്ഷാപ്രവർത്തനം നടത്തിയ സെന്റ് ആന്റണീസ് എന്ന ബോട്ടിലുണ്ടായിരുന്നവർ അറിയിച്ചു.
ബോട്ടിൽ ഇടിപ്പിച്ചശേഷം കപ്പൽ നിർത്താതെ പോയതാണോ എന്നു വ്യക്തമായിട്ടില്ല. കപ്പലിന്റെ കപ്പിത്താൻ ഉൾപ്പെടെയുള്ളവരിൽനിന്നു മൊഴിയെടുത്താൻ മാത്രമേ വിവരങ്ങൾ വ്യക്തമാകൂ.