ആലപ്പുഴ: വള്ളം മുങ്ങി അപകടത്തിൽപെട്ടവർക്ക് രക്ഷകരായി ജലഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാർ. വേന്പനാട് കായലിൽ കുമരകം കൊഞ്ചുമട ഭാഗത്താണ് ഇന്നലെ വള്ളം കാറ്റിൽപ്പെട്ട് മുങ്ങിയത്.
മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് എത്തി രക്ഷപ്പെടുത്തി. മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32), ഷിജി(53), രാജീവ് (44), മനു(30), ബിനു(35) എന്നിവരെയാണ് ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. കാറ്റിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറ്റൊരു വള്ളം നിയന്ത്രണം വിട്ട് ഒഴുകി നടന്നു. വിവരമറിയിച്ചതനുസരിച്ചാണ് എസ് 52 യാത്രാബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
മുഹമ്മയിൽ നിന്ന് കുമരകത്തെത്തിയ ബോട്ട് തിരികെപ്പോകുന്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബോട്ടിൽ കയറ്റി മുഹമ്മയിൽ എത്തിക്കുകയായിരുന്നു.