കോട്ടയം: മീനച്ചിലാര്‍- മീനന്തറയാര്‍-കൊടുരാര് പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരഭകരുടെ സഹായത്തോടെ കോട്ടയത്തുനിന്നു മൂന്ന് നദികളുടെയും അനുബന്ധ ജലപാതകളെ ബന്ധപ്പെടുത്തി ഉള്‍നാടന്‍ ബോട്ടിംഗിന് തുടക്കമാകും. നദീസംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ അടുത്തഘട്ടമാണ് ജലടൂറിസം പദ്ധതികള്‍.
ദിവസവും കോടിമതയില്‍ നിന്ന് ആരംഭിച്ചു തിരുവാര്‍പ്പിലെ വെട്ടിക്കാട്ടിലും കുമരകത്തെ പത്ത്പ്പങ്കിലേക്കും സന്ദര്‍ശകരെ എത്തിക്കും. ഈ രണ്ട് കേന്ദ്രങ്ങളിലും വാട്ടര്‍ സ്പോര്‍ട്സിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. പ്രത്യേക സീസണുകളില്‍ താഴത്തങ്ങാടിയിലെ മീനച്ചിലാറ്റിലും വാട്ടര്‍ സ്പോര്‍ട്സിന്റെ പ്രവര്‍ത്തനം നടത്താനും പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഉള്‍നാടന്‍ ബോട്ടിംഗ് തുടങ്ങുന്നതിനോടനുബന്ധിച്ച് കോടിമതയില്‍ ആരംഭിക്കുന്ന സതേണ്‍ ബോട്ട്സ് നിര്‍മാണകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ്-ടൂറിസം ബോട്ടുകളുടെ ആദ്യ വില്പന മന്ത്രി വി.എന്‍. വാസവന് മുന്‍ ഡിജിപി ഹോര്‍മീസ് തരകന് നല്കി നിര്‍വഹിക്കും.
ടൂറിസത്തിനും സ്പോര്‍ട്സ് ടൂറിസത്തിനും ഉപയോഗിക്കുന്ന 2000 ബോട്ടുകള്‍ നിര്‍മിക്കാനുള്ള യാര്‍ഡുകളാണ് ബോട്ട് നിര്‍മാണ കേന്ദ്രത്തിലുള്ളത്. തോമസ് ചാഴികാടന് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, സതേണ്‍ ബോട്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ബെറ്റി കെ. കുര്യന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.