
മുക്കം: ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഷരീഫ് നിർമിച്ചത് അസലൊരു ബോട്ട്. നാല് മീറ്റർ നീളത്തിൽ എട്ട് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ജിഐ ഷീറ്റ് കൊണ്ട് നിർമിച്ച ബോട്ടിന്റെ നിർമാണം ഏറെക്കുറെ അദ്ദേഹം ഒറ്റയ്ക്ക് തന്നെ നിർവഹിച്ചു.
മകൻ യാസിർ മുഹമ്മദ് വല്ലപ്പോഴും സഹായത്തിനെത്തി. കഴിഞ്ഞ വർഷങ്ങളിൽ പ്രളയദുരിതം പേറിയ മലയോര മേഖലയ്ക്ക് ആശ്വാസമേകുന്നതിനായി എന്തെങ്കിലുമൊന്നു ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് ഷരീഫ് കാരാട്ട് എത്തിച്ചേർന്നത്.
കറുത്തപറമ്പ് ശാന്തിനഗർ കോളനിയിലെ വീട്ടിൽ ഇരുപത്തഞ്ചോളം ദിവസമെടുത്താണ് ഈ ബോട്ട് നിർമ്മിച്ചത്. മണ്ണെണ്ണയിൽ പ്രവർത്തിപ്പിക്കാവുന്ന ഒന്നര എച്ച്പി മോട്ടോർ ഉപയോഗിച്ചാണ് ഈ ബോട്ട് പ്രവർത്തിപ്പിക്കുന്നത്.
വെള്ളത്തിൽ താഴ്ന്ന് പോകാതിരിക്കാൻ എയർ ടാങ്കും, ഇരുന്ന് യാത്ര ചെയ്യാൻ സീറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായ ബോട്ട് പരീക്ഷണമെന്ന നിലയിൽ ഇരുവഴിഞ്ഞി പുഴയിൽ ഇറക്കുകയും എട്ട് പേരെ കയറ്റി യാത്ര വിജയകരമായി അവസാനിപ്പിക്കുകയും ചെയ്തു.