ആലപ്പുഴ: പുന്നമടയിലും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്റ്റിക്കര്‍ പതിച്ച് വലിച്ചെറിയല്‍ മനോഭാവത്തിന് തടയിട്ട് ഹരിത ജലമേളയാക്കി ആലപ്പുഴ നഗരസഭ.
വള്ളംകളി കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജലാശയത്തിലും മറ്റും വലിച്ചെറിയുന്നത് തടയാന്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും വില്‍ക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ കവറുകളില്‍ പത്തു രൂപയുടെ സ്റ്റിക്കര്‍ പതിക്കുകയും ഉപയോഗത്തിനുശേഷം പ്ലാസ്റ്റിക് കവര്‍ തിരിച്ചുനല്കുമ്പോള് പത്തു രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്യുന്ന രീതിയാണ് നഗരസഭ ആവിഷ്കരിച്ചത്.
പ്ലാസ്റ്റിക് കുപ്പികളും കവറുകളും ജലാശയങ്ങളിലേക്കു വലിച്ചെറിയാതിരിക്കാനാണ് പുതിയ ആശയവുമായി നഗരസഭ മുന്നോട്ടു വന്നത്. ആലപ്പുഴ എസ് ഡി കോളജിലെയും യുഐടിയിലെയും നാഷണല്‍ സര്‍വീസ് സ്കീം സന്നദ്ധപ്രവര്‍ത്തകരാണ് സ്റ്റിക്കര്‍ പതിച്ചത്. ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് വോളണ്ടിയേഴ്സിനെ വീതം നിയോഗിച്ചാണ് മാലിന്യം ശേഖരിച്ചത്.