ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് ഓണാഘോഷം ഉള്പ്പെടെ ലളിതമാക്കിയ സാഹചര്യത്തില് നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പും ആശങ്കയില്.
ഇന്നലെ മന്ത്രിസഭാ യോഗത്തില് വള്ളംകളി തീയതി സംബന്ധിച്ചു ധാരണയാകുമെന്നും തുടര്ന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്നു ചേര്ന്നു പുതിയ തീയതി തീരുമാനിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്.
എന്നാല്, ഇത്തരമൊരു ദുരന്തത്തിന്റെ സാഹചര്യത്തില് വള്ളംകളി നടത്തേണ്ടതുണ്ടോ എന്ന തരത്തിലുള്ള ചര്ച്ച മന്ത്രിതല യോഗത്തില് ഉണ്ടായതായാണു വിവരം. വള്ളംകളി മാറ്റിവച്ചതായി പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നു.
സമിതികളും ആശങ്കയിൽ
പുതിയ തീയതി തീരുമാനിക്കാത്തതില് വള്ളംകളി പ്രേമികള്ക്ക് അമര്ഷമുണ്ട്. പുതിയ തീയതി നിശ്ചയിക്കാത്തതിനാല് വള്ളംകളി ക്ലബ്ബുകളും വള്ള സമിതികളും ആശങ്കയിലാണ്. മത്സരം കൂടുതല് നീണ്ടുപോയാല് ഇതുവരെയുള്ള പരിശീലനം വെറുതേയാകും.
വീണ്ടും ആദ്യഘട്ടം മുതല് പരിശീലനം നടത്താനുള്ള ചെലവും വഹിക്കേണ്ടിവരും. പുന്നമട ഫിനിഷിംഗ് പോയിന്റില് നിര്മിച്ചുകൊണ്ടിരുന്ന താത്കാലിക പവിലിയന് അതേപടി തുടരുകയാണ്. കൂടുതല് ദിവസം പവിലിയന് നിലനിര്ത്തിയാല് വാടക നല്കണമെന്നതും എന്ടിബിആര് സൊസൈറ്റിക്കു നഷ്ടമുണ്ടാക്കും. പുതിയ തീയതി ചോദിച്ചും പണം തിരികെ ചോദിച്ചും ഫോണ്വിളി തകൃതി.
ടിക്കറ്റ് റീഫണ്ട് വേണം
ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്ന വള്ളംകളി തക്കതായ കാരണത്താലെങ്കിലും മാറ്റിവയ്ക്കേണ്ടിവരുന്നത് പലഭാഗത്തായി വലിയ സാമ്പത്തിക പ്രതിസന്ധികൾ ഇതുമായി ബന്ധപ്പെട്ട് ഉടലെടുക്കും. വള്ളംകളി പ്രേമികൾ പക്ഷേ ആവേശത്തോടെ കാത്തുകഴിയുന്നു.
പുതിയ തീയതി ആരാഞ്ഞ് ആര്ഡിഒ ഓഫീസിലേക്കു തുടരെ ഫോണ് വിളികളെത്തുന്നുണ്ട്. വിവിധ സര്ക്കാര് ഓഫീസുകളില്നിന്നു ഓണ്ലൈനായും ടിക്കറ്റ് വാങ്ങിയവരുമാണു പുതിയ തീയതി തിരക്കിയും പണം തിരികെ ആവശ്യപ്പെട്ടും വിളിക്കുന്നത്.
പുതിയ തീയതിയില് ഇതേ ടിക്കറ്റ് ഉപയോഗിച്ചു വള്ളംകളി കാണാനാകും. അന്ന് എത്താനാകില്ലെന്ന് അറിയിച്ചാല് പണം തിരികെ നല്കും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലെ സര്ക്കാര് ഓഫിസുകളിലൂടെയാണു പ്രധാനമായും ടിക്കറ്റ് വിറ്റത. എട്ടു ലക്ഷത്തോളം രൂപയുടെ ടിക്കറ്റ് വിറ്റപ്പോഴാണു വള്ളംകളി മാറ്റിവയ്ക്കേണ്ടി വന്നത്.