കുമരകം : ബോട്ട് യാർഡ് നിർമിച്ചപ്പോൾ അയൽവാസിയുടെ വീടിന് ബലക്ഷയം സംഭവിച്ചെന്നു പരാതി. പുതിയ വീടും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും വേണമെന്ന ആവശ്യത്തിൽ യുവ സംരംഭകന്റെ ബോട്ട് യാർഡ് സ്വപ്നം പ്രതിസന്ധിയിലായി. വെച്ചൂർ പഞ്ചായത്തിലെ 10-ാം വാർഡിൽ പ്രവർത്തിക്കുന്ന കുമരകം സ്വദേശിയായ സോജി. ജെ. ആലുംപറന്പിലിന്റെ ബോട്ട് യാർഡിനെതിരെയാണ് അയൽവാസി വെച്ചൂർ പഞ്ചായത്ത് ഓഫീസിൽ പരാതി നല്കിയത്.
യാർഡ് നിർമ്മാണത്തെ തുടർന്ന് വീടിന് ബലക്ഷയം സംഭവിച്ചു എന്ന സമീപവാസിയുടെ പരാതിയാണ് യുവ സംരംഭകന് വിനയായത്. എന്നാൽ പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ പരാതിക്കാരന്റെ വീടിന്റെ നഷ്ടമായി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ കണക്കാക്കുന്ന തുക നൽകാമെന്ന് സംരംഭകനും പരാതിക്കാരനും ധാരണയായി. ഇന്നലെ എൻജിനിയർ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി പഞ്ചായത്ത് സെക്രട്ടറി സന്തോഷ് പറഞ്ഞു.
എന്നാൽ പുതിയ വീടും ലക്ഷങ്ങൾ നഷ്ടപരിഹാരവും നല്കണമെന്നാണ് പുതിയ ആവശ്യം. സമീപവാസിയുടെ പരാതിയല്ലാതെ മറ്റ് യാതൊരു നിയമ തടസങ്ങളും നിർമ്മാണത്തിന് ഇല്ലെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. വെച്ചൂർ പഞ്ചായത്തിൽ നിന്നും യാർഡിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അനുമതിയും ബോട്ട് ജെട്ടി നിർമ്മാണ പ്രവർത്തനത്തിനുള്ള അനുമതിയും ചട്ടപ്രകാരം വാങ്ങിയാണ് യുവാവ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കൂടാതെ തുറുമുഖ വകുപ്പിന്റെ നിയമാനുസൃത ലൈസൻസും ബോട്ട് യാർഡിന് ലഭിച്ചിട്ടുണ്ട്.60 ലക്ഷം രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും യാർഡിന്റെ പ്രവർത്തനം തുടങ്ങാനാകാത്ത സാഹചര്യത്തിൽ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് സോജി.ജെ.ആലുപറന്പൻ പറയുന്നു.