ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പേസ് ബൗളറുമായിരുന്ന ബോബ് വില്ലിസ് (70) അന്തരിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു. 1971ൽ ഓസ്ട്രേലിയ/dക്കെതിരായ ടെസ്റ്റിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയത്. 1984 വരെ ഇംഗ്ലീഷ് പേസ് ബൗളിംഗിന് കരുത്തേകി. 90 ടെസ്റ്റിൽ 325 ഉം 64 ഏകദിനങ്ങളിൽ 80 ഉം വിക്കറ്റുണ്ട്.
1981ലെ ആഷസ് പരന്പരയിലെ ഹെഡിംഗ്ലി ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ 130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ 43 റണ്‍സിന് എട്ടു വിക്കറ്റെടുത്ത് 111 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലണ്ടിനെ ജയിപ്പിച്ചത് വില്ലിസ് ആയിരുന്നു. വിരമിക്കലിനു ശേഷം കമന്റേറ്ററായും തിളങ്ങി.