അമലനഗർ: കാൻസർമൂലം സ്വനപേടകം നീക്കം ചെയ്തയാൾക്കു ശസ്ത്രക്രിയ നടത്തി സംസാരശേഷി വീണ്ടെടുത്തു. അമല ആശുപത്രിയിലാണ് വിദഗ്ധ ചികിത്സയിലൂടെയും ശസ്ത്രക്രിയയിലൂടെയും എറണകുളം ചേലമറ്റം സ്വദേശി ബോബസിന് (56) സംസാരശേഷി വീണ്ടെടുക്കാനായത്. വോയ്സ് ബോക്സ് നീക്കം ചെയ്തു കാൻസർ ചികിത്സയുടെ ഭാഗമായുള്ള ലീനിയർ ആക്സിലറേറ്റർ ഉപയോഗിച്ചുള്ള റേഡിയേഷനും കീമോതെറാപ്പിയും നൽകി.
അർബുദത്തിൽനിന്നു മോചിതനായപ്പോൾ സംസാരശേഷി വീണ്ടെടുക്കാൻ വോയ്സ് പ്രോസ്തസിസ് ഇൻസെർഷൻ ശസ്ത്രക്രിയ നടത്തി. നെതർലാൻഡിൽനിന്ന് ഇറക്കുമതിചെയ്ത പ്രോസ്തസിസാണു ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്. ഇപ്പോൾ ഉച്ചത്തിൽ സംസാരിക്കാനുള്ള ശേഷിയും അദ്ദേഹത്തിനു ലഭിച്ചു.
ഡോ. ജേക്കബ് കുര്യൻ, ഡോ. ഹരികുമാർ ഉണ്ണി, ഡോ. ആൻഡ്രൂസ് ജോസഫ്, ഡോ. എൻ. രവി, ഡോ. ജോമോൻ റാഫേൽ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ബോബസിനു ചികിത്സ നൽകിയത്.