താന്‍ പിന്മാറിയ സിനിമ തന്റെ ബോഡി ഡബിള്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കിയെന്ന ആരോപണവുമായി സംവിധായകനെതിരേ നടന്‍ ബോബി സിംഹ. താന്‍ നായകനായി എത്തുന്ന അഗ്നി ദേവി എന്ന ചിത്രത്തിനെതിരേയാണ് നടന്റെ ആരോപണം. അഞ്ച് ദിവസം മാത്രം അഭിനയിച്ചെങ്കിലും തിരക്കഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം ബോബി ചിത്രത്തില്‍നിന്നു പിന്മാറുകയായിരുന്നു. എന്നാല്‍ ബോബി അഭിനയിച്ച ഭാഗങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തി ബോഡി ഡബിളും വിഎഫ്എക്‌സും ഉപയോഗിച്ച് അണിയറപ്രവര്‍ത്തകര്‍ സിനിമ പൂര്‍ത്തീകരിച്ചെന്നാണ് താരത്തിന്റെ വാദം. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറിലും പോസ്റ്ററുകളിലും പ്രാമുഖ്യം നല്‍കിയിരിക്കുന്നത് ബോബിയുടെ കഥാപാത്രത്തിനാണ്.
‘എന്റെ ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുകയാണ്. ഇത് തെറ്റാണ്. ഞാനൊരു ചെറിയ നടനാണ്, എന്നെ വെറുതെ വിടൂ. സൂപ്പര്‍താരത്തിന്റെ മുഖംവച്ച് ബോഡി ഡബിള്‍ ചെയ്ത് വിഎഫ്എക്‌സിലൂടെ സിനിമ പൂര്‍ത്തിയാക്കിയാല്‍ അത് റിലീസ് ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കുമോ? ഇവിടെ എന്റെ സിനിമ റിലീസ് ചെയ്യുന്നു. കോടതിയില്‍ കേസ് വരെ നടക്കുന്നു. എന്നിട്ടും സിനിമ റിലീസ് ചെയ്തു. ഇത് ന്യായമാണോ?’ ബോബി സിംഹ ചോദിക്കുന്നു.
‘സിനിമയുടെ ട്രെയിലര്‍ കണ്ടിരുന്നു. സിനിമ കണ്ടിട്ടില്ല. 60 ലക്ഷം രൂപയായിരുന്നു പ്രതിഫലം. ലാഭത്തിലെ ഷെയറിന്റെ പത്തുശതമാനവും. പത്തുലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഇതൊക്കെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.’ ബോബി പറഞ്ഞു. സിനിമയുടെ സംവിധായകനായ ജോണ്‍ പോള്‍രാജിനും നിര്‍മാതാവിനുമെതിരേ വഞ്ചനക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് ബോബി. ചിത്രം മാര്‍ച്ച് 22ന് തിയറ്ററുകളിലെത്തി. അത്ര നല്ല അഭിപ്രായമല്ല സിനിമയെക്കുറിച്ച് ലഭിക്കുന്നത്.
ആദ്യം വായിക്കാന്‍ നല്‍കിയ സ്‌ക്രിപ്റ്റ് അല്ല സിനിമ തുടങ്ങിയപ്പോള്‍ തനിക്ക് ലഭിച്ചതെന്നാണ് ബോബി പറയുന്നത്. അതുകൊണ്ട് ഷൂട്ടിംഗ് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ സിനിമ വിട്ടു. കരാര്‍ ലംഘിച്ച വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംവിധായകനെതിരെ നടന്‍ പരാതി നല്‍കിയിരുന്നു. സിനിമയുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചതായി ബോബിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചു. ജോണ്‍ പോള്‍രാജും ശ്യാം സൂര്യയും ചേര്‍ന്നാണ് അഗ്‌നി ദേവി സംവിധാനം ചെയ്തിരിക്കുന്നത്. രമ്യ നമ്പീശനാണ് നായിക. റോജ നായിക മധുബാലയുടെ തിരിച്ചുവരവുകൂടിയാണ് ഈ സിനിമ. നെഗറ്റീവ് വേഷത്തിലാണ് താരം എത്തുന്നത്.