കോഴിക്കോട് : സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ യാചകയാത്രയും അയാളുടെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ.
ജാതിയും മതവും നോക്കാതെ എല്ലാ മലയാളികളും ഐക്യത്തോടെ റഹീമിന്റെ മോചനത്തിനായ് പരിശ്രമിച്ചു. അത് ലോകത്തിനു തന്നെ മാതൃകയാണ്. ലോകത്തിന് മുന്നിലേക്ക് മലയാളികളുടെ നന്മ എത്തിക്കുന്നതിനാണ് സിനിമ നിർമിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ഇത് സംബന്ധിച്ച് സംവിധായകൻ ബ്ലസിയുമായി സംസാരിച്ചു. പോസിറ്റീവ് മറുപടിയാണ് അദ്ദേഹത്തിന്റെ പക്കൽ നിന്നും ലഭിച്ചതെന്നും ബോബി അറിയിച്ചു. ഒരിക്കലും ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും കിട്ടുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോണ്‍സറുടെ മകന്റെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിന് കഴിഞ്ഞ 18 വര്‍ഷമായി അബ്ദുൽ റഹീം സൗദിയിൽ ജയിലിൽ കഴിയുകയാണ്. ഭിന്നശേഷിക്കാരനായ കുട്ടി കാറില്‍ വച്ച് അസ്വസ്ഥത കാണിച്ചപ്പോള്‍ സഹായത്തിനെത്തിയ അബ്ദുല്‍റഹീമിന്റെ കൈതട്ടി കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണം നിലച്ചുപോയി. ഇതുമൂലം കുട്ടി മരണപ്പെട്ടു എന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
വധ ശിക്ഷയിൽ നിന്ന് അബ്ദുല്‍റഹീമിന് രക്ഷ നേടണമെങ്കിൽ 34 കോടി രൂപ മോചന ദ്രവ്യം നൽകണമെന്ന് കുടുംബം അറിയിച്ചതോടെയാണ് മലയാളികൾ ഒറ്റക്കെട്ടായി ഇയാളുടെ മോചനത്തിനു വേണ്ടി കൈകോർത്തത്.