തലയോലപ്പറന്പ്: മോഷണ ശ്രമത്തിനിടയിൽ പോലീസ് സാഹസികമായി പിടികൂടിയ കള്ളനെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു. കീഴൂർ ചിറ്റേത്ത് പുത്തൻപുരയിൽ ബോബിൻസ് ജോണ് (32) ആണ് പിടിയിലായത്.
ഇയാൾ പ്രഫഷണൽ മോഷ്ടാവാണെന്നു പോലീസിനു സംശയിക്കുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ വെള്ളൂർ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ വീട്ടിൽ രാത്രി മോഷണ ശ്രമത്തിനിടയിൽ ഇയാളെ മാത്യുവിന്റെ മകൾ മൊബൈലിൽ കണക്ടു ചെയ്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുകയും തുടർന്നു സമീപവാസിയെയും പോലീസിനെയും വിവരമറിയിച്ചു പിടികൂടുകയുമായിരുന്നു.
മാത്യുവിന്റെ വീട്ടിലെത്തിയ ബോബിൻസ് നൈറ്റി ധരിച്ചു പ്രഫഷണൽ മോഷ്ടാവിനെ അനുസ്മരിപ്പിക്കുന്ന ചെയ്തികളിലായിരുന്നെന്ന് വെള്ളൂർ പോലീസ് പറഞ്ഞു.
അതിനാലാണ് ഇയാളെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുന്നത്. ഇപ്പോൾ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുന്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
മാത്യുവിന്റെ വീട്ടിൽ നിന്ന് നാളുകൾക്കു മുന്പും ജാതിപത്രിയടക്കമുള്ള വിലപിടിച്ച കാർഷിക ഉൽപന്നങ്ങൾ പലതവണ മോഷണം പോയിരുന്നു.
സംസ്ഥാനത്തെ മറ്റേതെങ്കിലും സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ കേസുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.