ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, ദ്രോണാചാര്യ, ധ്യാൻ ചന്ദ് പുരസ്കാര ശിപാർശകൾക്ക് കേന്ദ്ര കായിക മന്ത്രാലയം അംഗീകാരം നൽകി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഭാരോദ്വഹന താരം മീരാ ഭായ് ചാനുവിനുമാണ് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരങ്ങൾ. മലയാളിയായ ബോബി അലോഷ്യസിന് ധ്യാൻ ചന്ദ് പുരസ്കാരവും അത്ലറ്റ് ജിൻസൻ ജോണ്സണ് അർജുന അവാർഡും ലഭിച്ചു.
ജിൻസൻ ജോണിന് പുറമേ ജാവലിൻ താരം നീരജ് ചോപ്ര, അത്ലറ്റ് ഹിമ ദാസ്, ബാഡ്മിന്റണ്‍ താരം എൻ. സിക്കി റെഡ്ഡി, ബോക്സിംഗ് താരം സതീഷ് കുമാർ, ക്രിക്കറ്റ് താരം സ്മൃതി മന്ദാന, ഗോൾഫ് താരം ശുഭാംഗുർ ശർമ, ഹോക്കി താരങ്ങളാ മൻപ്രീത് സിംഗ്, സവിത, പോളോ താരം രവി റാത്തോഡ്, ഷൂട്ടിംഗ് താരങ്ങളായ രാഹി സർനോബാട്ട്, അങ്കുർ മിത്തൽ, ശ്രേയസി സിംഗ്, ടേബിൾ ടെന്നീസ് താരങ്ങളായ മനിക ബത്ര, ജി. സത്യൻ, ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ, ഗുസ്തി താരം സുമിത്, വുഷു താരം പൂജ കടിയാൻ, പാര അത്ലറ്റിക് താരം അങ്കുർ ധാമ, പാര ബാഡ്മിന്റണ്‍ താരം മനോജ് സർക്കാർ എന്നിവർക്കാണ് അർജുന പുരസ്കാരങ്ങൾ.
ബോബി അലോഷ്യസ് (അത്ലറ്റിക്സ്) സത്യ ദേവ് (ആർച്ചറി), ഭരത് കുമാർ ഛേത്രി (ഹോക്കി), സി.ഡി ദത്താത്രേയ (ഗുസ്തി) എന്നിവർക്കാണ് ധ്യാൻചന്ദ് പുരസ്കാരം.
രാജീവ് ഗാന്ധി ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾക്കുള്ള കായിക താരങ്ങളെ ശിപാർശ ചെയ്ത സമിതിയുടെ അധ്യക്ഷൻ ജസ്റ്റീസ് ഇന്ദർമീത് കൗർ കൊച്ചാർ ആണ്. ജസ്റ്റീസ് മുകുൾ മുദ്ഗലിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാരങ്ങൾക്കുള്ളവരെ ശിപാർശ ചെയ്തത്.
ഏറെ സന്തോഷം: ബോബി
തിരുവനന്തപുരം: ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു മുൻ ഹൈജംപ് താരം ബോബി അലോഷ്യസ്. പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. കായികരംഗത്ത് സജീവമായിരുന്നപ്പോൾ അർജുന അവാർഡ് ആഗ്രഹിച്ചിരുന്നെന്നും ബോബി അലോഷ്യസ് പറഞ്ഞു.