അങ്ങനെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ ജയിലില്‍. കല്ലും മണ്ണും ചുമന്നും ചെടി നനച്ചുമാണ് അദേഹം ജയിലില്‍ സമയം ചെലവഴിച്ചത്. തെലുങ്കാനയിലെ ഫീല്‍ ദ ജയില്‍ പദ്ധതി പ്രകാരമാണ് 500 രൂപ കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ എത്തിയത്. തെലുങ്കാനയില്‍ 2016ല്‍ ആരംഭിച്ച ജയില്‍ ടൂറിസം പദ്ധതിയാണ് ഫീല്‍ ദ ജയില്‍.
സാധാരണ തടവുകാരെ പോലെ തന്നെയാണ് ടൂറിസ്റ്റുകളുടെ ജയില്‍ വാസവും. തടവുപുള്ളിയുടെ വസ്ത്രം ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. ജയില്‍ വാസത്തില്‍ 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. തടവുകാര്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇവര്‍ക്കും കൊടുക്കുക. ഒപ്പം ചെറിയ രീതിയിലുള്ള ജോലികളും ചെയ്യണം. ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനയ്ക്കുകയും നിലം തുടയ്ക്കുകയും ചെയ്തു.
സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയിലില്‍ കഴിയാനായത് മറക്കാനാവില്ല. കേരളത്തില്‍ ഒരാഴ്ച ജയിലില്‍ കിടക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും അതിന് അവസരമുണ്ടായില്ല. അതിനാലാണ് ഇവിടെയെത്തിയത്. ജയില്‍ ജീവിതം എങ്ങനെയെന്ന് മനസിലാക്കുന്നതിന് പദ്ധതി ഏറെ സഹായിച്ചു. 15 വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹമാണ് സാധിച്ചത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കണമെന്നും അനുഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദേഹം പറഞ്ഞു.