നെയ്യാറ്റിന്‍കര: പോങ്ങില്‍ രാജന്റെയും അന്പിളിയുടെയും മക്കള്‍ക്കായി അവര്‍ താമസിക്കുന്ന തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങി നൽകിയ ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണൂരിന്റെ സന്മനസിന് നന്ദി പ്രകാശിപ്പിച്ച മക്കളായ രാഹുലും രഞ്ജിത്തും സ്നേഹപൂര്‍വം ഭൂമിയുടെ പ്രമാണം നിരസിച്ചു.
പട്ടയം സര്‍ക്കാര്‍ തരുമെന്നും വസന്ത കൈമാറിയ പ്രമാണത്തിന് നിയമസാധുത ഇല്ലെന്നും കുട്ടികള്‍ പറഞ്ഞു. രേഖകള്‍ വ്യാജമാണോ എന്നു തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരമാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ബൈജു നെല്ലിമൂടും അഭിഭാഷകനുമൊരുമിച്ച് പോങ്ങിലെ രാജന്റെ വീട്ടിൽ ബോബി എത്തിയത്.
മാധ്യമങ്ങളെയും നാട്ടുകാരെയും സാക്ഷിയാക്കി പട്ടയം കുട്ടികള്‍ക്ക് കൈമാറാന്‍ തുടങ്ങിയപ്പോൾ അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. നെല്ലിമൂടിനു സമീപത്തെ ഈ ലക്ഷംവീട് കോളനിയില്‍ സുകുമാരന്‍നായര്‍, വിമല, കമലാക്ഷി എന്നിവരുടെ പേരിലാണ് പട്ടയമുള്ളത്.
വസന്തയുടെ പേരില്‍ പട്ടയമില്ലാത്ത സാഹചര്യത്തില്‍ അവര്‍ തങ്ങളുടെ പേര്‍ക്ക് എങ്ങനെയാണ് പതിച്ചു തരികയെന്നും രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ആവര്‍ത്തിച്ചു.
ബോബി ചെമ്മണൂരിനെ വസന്ത തെറ്റിദ്ധരിപ്പിച്ച് വ്യാജപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ വസ്തു വിറ്റതാണെന്നും കുട്ടികള്‍ പറഞ്ഞു.
മുഖ്യമന്ത്രിയാണ് വസ്തു സംബന്ധിച്ച തീരുമാനം എടുത്തിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിക്കുമെന്നും സര്‍ക്കാരാണ് വസ്തു തങ്ങള്‍ക്ക് നല്‍കേണ്ടതെന്നും രാഹുലും രഞ്ജിത്തും പറഞ്ഞു.
കഴിഞ്ഞ ദിവസം താന്‍ എറണാകുളത്തുണ്ടായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ പോങ്ങില്‍ നടന്ന സംഭവവും കുട്ടികള്‍ക്ക് പലവിധത്തിലുള്ള വാഗ്ദാനം നല്കലുമൊക്കെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ബോബി പറഞ്ഞു.
മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ തങ്ങള്‍ക്കും ജീവിക്കണമെന്ന ഈ കുട്ടികളുടെ ആഗ്രഹവും വിരല്‍ ചൂണ്ടിയുള്ള കുട്ടിയുടെ നില്പ്പുമെല്ലാം വല്ലാതെ വേദനയുണര്ത്തുന്നതായിരുന്നു. ബോബി ഫാന്‍സിന്റെ താത്പര്യപ്രകാരമാണ് താന്‍ വന്നത്.
ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി. വിവാദ വസ്തുവിന്റെ ഉടമസ്ഥയെന്ന് അവകാശപ്പെടുന്ന വസന്തയുടെ സഹോദരന്മാരുമായും വസന്തയുടെ വീട്ടില്‍ ചെന്ന് അവരുമായും സംസാരിച്ചു.
രാജനും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് അവര്‍ സമ്മതിച്ചു. വസ്തു വിലയ്ക്കു വാങ്ങുന്നതുമായി ബന്ധപ്പെട്ട അഡ്വാന്‍സ് തുക നല്കി. ഇതു സംബന്ധിച്ച രേഖയും തനിക്ക് കൈമാറിയതായി ബോബി ചെമ്മണൂര്‍ ചൂണ്ടിക്കാട്ടി.
വീട് പൊളിച്ച് നല്ല രീതിയില്‍ നിര്‍മിച്ചു നല്കാന് ബോബി സന്നദ്ധത അറിയിച്ചു. അതുവരെ കുട്ടികള്‍ തന്റെയൊപ്പം തൃശൂരിലെ ശോഭാസിറ്റിയില്‍ താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.
പട്ടയം വ്യാജമായിരിക്കാമെന്ന് കുട്ടികള്‍ ആരോപിച്ചപ്പോള്‍ പട്ടയം വ്യാജമെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോടതിയില്‍ നിന്നും കുട്ടികള്‍ക്ക് സത്യസന്ധമായ പ്രമാണം പ്രാപ്തമാകുന്നതുവരെ താനും ബോബി ഫാന്‍സ് തിരുവനന്തപുരം യൂണിറ്റും ഒപ്പമുണ്ടാകുമെന്നും ബോബി പ്രതികരിച്ചു.
പട്ടയം തിരിച്ച് വസന്തയ്ക്ക് കൊടുക്കണമെന്നും വസ്തുവിന് നല്കിയ അഡ്വാന്‍സ് തുക ഏതെങ്കിലും പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നും കുട്ടികള്‍ അഭ്യര്‍ഥിച്ചു.