തലയോലപറന്പ്: തൊണ്ണൂറ്റെട്ടുകാരിക്ക് സുരക്ഷിതമൊരുക്കി താരമായി ബോച്ചെ.
പ്ലാസ്റ്റിക് ഷീറ്റു വിരിച്ച ഷെഡിൽ തണുപ്പേറ്റ് തനിച്ചു താമസിച്ചു വന്ന തലയോലപറന്പ് വടയാർ തേവലക്കാട് പാപ്പിയമ്മയ്ക്ക് ചെമ്മണ്ണൂർ ജൂവലറി ഉടമ ബോബി ചെമ്മണ്ണൂരാണ് കുറ്റമറ്റ ഭവനം ഒരുക്കി നൽകിയത്.
പാപ്പിയമ്മയെ ചേർത്തുപിടിച്ചാണ് ബോചെ ഗൃഹപ്രവേശം നടത്തിയത്.
പുതിയ വീട്ടിലെ അടുക്കളയിൽ പാപ്പിയമ്മയ്ക്കൊപ്പം നിന്ന് പാലുകാച്ചി വീട്ടിലെത്തിയ എല്ലാവർക്കും വിതരണം ചെയ്തും പ്രദേശവാസികൾക്കൊപ്പം സെൽഫിയെടുത്ത് സന്തോഷം പങ്കിട്ട് രണ്ടു മണിക്കൂറിലധികം തേവലക്കാട്ട് ചെലവഴിച്ചാണ് ബോബി ചെമ്മണ്ണൂർ മടങ്ങിയത്.
ആറു മാസം വെള്ളക്കെട്ടിലമരുന്ന തേവലക്കാട്ടിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടാണ് പാപ്പിയമ്മയ്ക്കായി ഒരുക്കിയത്.
വീട്ടുപരിസരത്ത് വെള്ളം പൊങ്ങിയാൽ വീടിന്റ അടിഭാഗത്തായി ഉറപ്പിച്ചിട്ടുള്ള വീപ്പകൾ വീടിനെ ഉയർത്തി നിർത്തും. 200 ചതുരശ്ര അടിയിൽ തീർത്ത വീടിന് 2.75 ലക്ഷം രൂപയാണ് ചെലവു വന്നത്.
തനിച്ചു താമസിക്കുന്ന പാപ്പിയമ്മയുടെ ജീവിത ദൈന്യം ഒന്നര വർഷം മുന്പ് അറിഞ്ഞ് തേവലക്കാട്ടെത്തിയ ബോബി ചെമ്മണ്ണൂർ പാപ്പിയമ്മയ്ക്ക് വീടു നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സാങ്കേതിക തടസങ്ങളടക്കം നീക്കാൻ കൂടുതൽ സമയം വേണ്ടി വന്നതിനാലാണ് വീടു നിർമാണം വൈകിയത്.
പാപ്പിയമ്മയ്ക്കായി ഒരുക്കി നൽകിയ വീടിന്റ താക്കോൽ ദാന കർമത്തിനു സാക്ഷികളാകാൻ തേവലക്കാട് നിവാസികളും എത്തിയിരുന്നു.
തേവലക്കാട് തലയോലപറന്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കലിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോബി ചെമ്മണ്ണൂർ വീടിന്റ താക്കോൽ പാപ്പിയമ്മയ്ക്കു കൈമാറി.
സി.കെ. ആശ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ്, പഞ്ചായത്ത് അംഗങ്ങളായ എം.ടി. ജയമ്മ, സേതു ലക്ഷ്മി അനിൽകുമാർ,
കെ. ആശിഷ്, കോണ്ഗ്രസ് തലയോലപറന്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. അനിൽകുമാർ, ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് പിആർഒ എം.ജെ. ജോജി, തിലകൻ,
തേവലക്കാട് കലാസന ആർട്ട്സ് ആൻഡ് സ്പോർട്ട് സ് ക്ലബ് സെക്രട്ടറി മനീഷ്, ക്ലബ് പ്രസിഡന്റ് എൻ.പി. ഷാൻ തുടങ്ങിയവർ സംബന്ധിച്ചു.