തൃശൂർ: കോവിഡ് 19 ബോധവത്കരണം തൃശൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും നടത്താൻ തീരുമാനം. ആരോഗ്യവകുപ്പ് ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ രണ്ടു മിനിറ്റ് അധിക നേരം നിർത്തിയിടും.
ഈ സമയം ട്രെയിനുകളിലെ എല്ലാ കംപാർട്ടുമെന്റുകളിലും ആരോഗ്യവകുപ്പിന്റെ വളണ്ടിയർമാർ രണ്ടും മൂന്നും പേർ വീതം കയറി ഒരേസമയം എല്ലാ കംപാർട്ടുമെന്റുകളിലും കോവിഡ് ബോധവത്കരണം ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിക്കുകയും സുരക്ഷാമുൻകരുതൽ ബോധവത്കരണ ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്യും.
ഒരേസമയം എല്ലാ കംപാർട്ടുമെന്റുകളിലും ബോധവത്കരണം നടക്കുന്നതിനാൽ നിരവധി പേരിലേക്ക് ഇത് ചെന്നെത്തുമെന്നതാണ് നേട്ടം.