സി.സി. സോമൻ
ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തിയാണ്. റോഡരികിലും ബസ് സ്റ്റാൻഡുകളിലും കട വരാന്തകളിലും കഴിയുന്നവർക്ക് അന്നം നല്കുക എന്നതാണ് ബോധി ധർമയുടെ ഏറ്റവും കാരുണ്യമേറിയ പ്രവൃത്തി.
അഞ്ചു മാസമേ ആയിട്ടുള്ളു ഭക്ഷണപ്പൊതി വിതരണം ആരംഭിച്ചിട്ട്. പുലർച്ചെ അഞ്ചിന് അടുക്കളയിൽ ഉച്ചഭക്ഷണത്തിനുള്ള ചിട്ടവട്ടങ്ങൾ ആരംഭി്ക്കും. ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് പി.എം.പ്രസന്നകുമാർ, സെക്രട്ടറി വി.സി.സുനിൽ, കൂടാതെ സഹായ സന്നദ്ധരായ ഏതാനും സ്ത്രീകളും ചേർന്നാണ് ഭക്ഷണം തയാറാക്കുന്നത്. വെള്ളം, വിറക്, ഭക്ഷണസാധനങ്ങൾ എല്ലാം എത്തിക്കേണ്ടത് പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും ഉത്തരവാദിത്വമാണ്. ഭക്ഷണപ്പൊതിയും ഒരു കുപ്പി വെള്ളവുമാണ് നല്കുന്നത്.
കോട്ടയം നഗരത്തിൽ ഉച്ചയ്ക്ക് 12ന് പൊതിച്ചോർ വിതരണം ആരംഭിക്കും. സാന്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ആഴ്ചയിൽ മൂന്നു ദിവസമാണ് വിതരണം. മാർക്കറ്റ്, നാഗന്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കഴിയുന്ന നിരാലംബർക്ക് ഇവരുടെ പൊതിച്ചോർ ആശ്വാസമാണ്. ഏറ്റുമാനൂർ തവളക്കുഴി മുതൽ ചിങ്ങവനം വരെ റോഡരികിലും കടകളുടെ തിണ്ണകളിലും അന്തിയുറങ്ങുന്നവർക്കും ആഹാരം നല്കും. ചില ഹോട്ടലുകളും ഇവർക്ക് ഭക്ഷണപ്പൊതി എത്തിച്ചുകൊടുത്ത് ഈ സംരംഭത്തെ സഹായിക്കുന്നു.
വൈകുന്നേരം നാലുമണിയോടെ ഭക്ഷണ വിതരണം അവസാനിക്കും. പിന്നെ അടുത്തദിവസത്തേക്ക് വേണ്ട ഒരുക്കങ്ങളാണ്. വെള്ളത്തിന് ക്ഷാമമായതോടെ കിലോമീറ്ററുകൾ പോയാണ് വെള്ളം എത്തിക്കുന്നത്. ചിലപ്പോൾ പാതിരാത്രിയായിരിക്കും പോകേണ്ടി വരുക. പട്ടിണിപ്പാവങ്ങളെ ഓർക്കുന്പോൾ ഇതൊന്നും പ്രശ്നമല്ലെന്ന് പ്രസന്നകുമാർ പറയുന്നു.
മധുവിന്റെ ഗതി ഇനിയാർക്കും വരരുത്
പട്ടിണിക്കാരില്ലാത്ത നഗരം- ബോധിധർമ ട്രസ്റ്റിന്റെ പിന്നിലെ ലക്ഷ്യം പ്രസന്നകുമാർ പറയുന്നു. മധുവിന്റെ മരണത്തോടെയാണ് വിശക്കുന്നവരെക്കുറിച്ച് ആളുകൾ ചിന്തിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിനും എത്രയോ മുന്പ് ബോധിധർമ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരത്തിന്റെ മുക്കിലും മൂലയിലൂമായി നിരവധിപ്പേരാണ് ഭക്ഷണത്തിനായി ഓരോ ദിവസവും കാത്തിരിക്കുന്നത്.
ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പലരും ഭക്ഷണവിതരണം. ഇതിൽ നിന്ന് വ്യത്യസ്തമായി നഗരത്തിൽ വിശപ്പനുഭവിക്കുന്നവരെയാണ് ബോധിധർമ്മ ലക്ഷ്യമിടുന്നത്. ഇപ്പോൾ നിരവധിപ്പേരാണ് ബോധിധർമയുടെ വാഹനം കാത്തിരിക്കുന്നത്. ഒരു മാസം പതിനായിരത്തോളം രൂപ ഭക്ഷണപ്പൊതികൾ തയാറാക്കി നൽകുന്നതിനാകുന്നുണ്ടെന്ന് ഇവർ പറയുന്നു.
സുമനസുകളുടെ സഹായമുള്ളതുകൊണ്ട് ഇതുവരെ അതിന് മുടക്കം വന്നിട്ടില്ല. പച്ചക്കറികൾ ഇതുവരെ പണംനൽകി വാങ്ങിയിട്ടില്ല. അരിയും പാത്രങ്ങളും വിതരണം നടത്തുന്ന വാഹനങ്ങളുടെ ചെലവുമെല്ലാം ഓരോരുത്തർ നൽകുന്ന സംഭാവനകൊണ്ടാണ് നടക്കുന്നത്.
ഒന്നല്ല, പല സഹായം
ട്രസ്റ്റിന്റെ നേതൃത്വത്തിൽ റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രികളിൽ എത്തിക്കുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യുന്നുണ്ട്. രോഗികൾക്ക് മരുന്നു വാങ്ങിക്കൊടുക്കും. സ്കാനിംഗ്, ഡയാലിസിസ്, കാൻസർ രോഗികൾ എന്നിവർക്ക് സാധ്യമായ സഹായങ്ങൾ നല്കും. മെഡിക്കൽകോളജ് ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സൗജന്യമായി താമസ സൗകര്യം നല്കുന്നതാണ് ട്രസ്റ്റിന്റെ സ്വപ്ന പദ്ധതികളിലൊന്ന്.
മെഡിക്കൽ കോളജിനു സമീപം 10 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നിർമിക്കാനുള്ള പദ്ധതികളുമായി ട്രസ്റ്റ് മുന്നോട്ടു പോകുകയാണ്. ഒപ്പം രോഗികളെ സഹായിക്കാനായി സ്വന്തമായി ഒരു ആംബുലൻസ്് എന്ന സ്വപ്നവും സാഷാത്കരിക്കണം. സഹായിക്കാൻ മനസുള്ളവർ സമൂഹത്തിൽ ഉള്ളിടത്തോളും കാലം തങ്ങളുടെ സ്വപ്നം നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രസന്നൻ.
കാലവർഷ സമയങ്ങളിലും ഓണക്കാലത്തും നിർധനരായ മുന്നൂറോളം കുടുംബങ്ങൾക്ക് അരി നല്കി വരുന്നു. ആവശ്യക്കാർക്ക് തുടർ മാസങ്ങളിലും അരി വിതരണം ചെയ്തുവരുന്നു. വ്യാപാരികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്താലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതുപോലെ വസ്ത്രസ്ഥാപനങ്ങളുടെ സഹകരണത്തോടെ സാന്പത്തിക പരാധീനത അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു വരുന്നു.
നിർധനരായ രോഗികൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടുകണ്ടവരാണ് ഈ ട്രസ്റ്റിന് രൂപം നല്കിയതും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതും. കാണക്കാരിയിൽ നിർധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് ഭക്ഷണം നല്കി സഹായിച്ചതായി സുനിൽ പറഞ്ഞു. വിവാഹം നടത്താൻ ഒരു നിവൃത്തിയുമില്ലാതെ കഴിയുകയായിരുന്നു കുടുംബത്തിന്റെ കഥയറിഞ്ഞ ബോധിധർമ പ്രവർത്തകർ അവർക്ക് ഭക്ഷണം നല്കി സഹായിക്കാൻ രംഗത്തു വരികയായിരുന്നു.
നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫ്ളക്്സ് ബോർഡുകൾ സ്ഥാപിച്ച് ആളുകളെ തങ്ങളുടെ കൂട്ടായ്മയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ. ബോധിധർമ ട്രസ്റ്റിന്റെ നന്മ തിരിച്ചറിഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ ശന്പളത്തിന്റെ ഒരു ഭാഗം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫോണ്: 9633853771, 9526959248.