കൊച്ചി: പെരുന്പാവൂരിനടുത്ത് മണ്ണൂരിലെ പ്ലൈവുഡ് കന്പനിയിൽനിന്നു പോലീസ് പിടികൂടിയ മൂന്നു ബോഡോ തീവ്രവാദികളെ ഇന്ന് ആസാം പോലീസിനു കൈമാറും. ഇതിനായി മൂന്ന് വീതം എസ്ഐമാരും കോണ്സ്റ്റബിൾമാരുമടങ്ങുന്ന ആസാം പോലീസ് സംഘം ഉച്ചയോടെ വിമാനമാർഗം നെടുന്പാശേരിയിൽ എത്തിച്ചേരും.
പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വാറണ്ട് വാങ്ങിയശേഷം ആസാമിലേക്കു കൊണ്ടുപോകാനാണു നിലവിലെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. നിരോധിക്കപ്പെട്ട നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും ആസാം സ്വദേശികളുമായ ദുംകേതു ബ്രഹ്മ ദലാങ്ങ് (35), പ്രിതം ബസുമതാരി (25), മനു ബസുമതാരി (24) എന്നിവരെ ഇവർ താമസിച്ചിരുന്ന മണ്ണൂർ കുഴൂരിലുള്ള കന്പനിയും പരിസരവും വളഞ്ഞു തന്ത്രപരമായാണു പോലീസ് കുടുക്കിയത്.
ബുധനാഴ്ച രാത്രിയിലായിരുന്നു പോലീസ് ഓപ്പറേഷൻ.കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയും ആസാം പോലീസുമാണു തീവ്രവാദികളെക്കുറിച്ചു കേരള പോലീസിനു വിവരം നൽകിയത്. ചോദ്യം ചെയ്യലിൽ സംഘത്തിൽപ്പെട്ട കൂടുതൽ ആളുകൾ കേരളത്തിലെത്തിയിട്ടില്ലെന്നാണു വിവരമെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ മൂവരുടെയും ഭാഷ അധികൃതരെ കുഴപ്പിക്കുന്നുണ്ട്.
വർഷങ്ങളോളം ആയുധ പരിശീലനം ലഭിച്ചവരാണു പിടിയിലായ തീവ്രവാദികൾ. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വേഷം മാറി ദിവസങ്ങളോളം കന്പനി പരിസരം നിരീക്ഷിച്ചു. അറസ്റ്റ് നടക്കുന്പോൾ അന്പതോളം പോലീസുകാർ മഫ്തിയിൽ കന്പനിക്കകത്തും പുറത്തുമായുണ്ടായിരുന്നു.
തൊഴിലാളികൾക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ മലന്പനി രോഗ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെന്നും വിറക് ശേഖരിക്കാൻ എത്തിയവരെന്നും പറഞ്ഞാണു പോലീസ് കന്പനിയിൽ എത്തിയത്. പിടിയിലായവർക്കെതിരേ യുഎപിഎയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐപിസി 121, 122,120 (ബി) വകുപ്പുകളും ചുമത്തി കേസെടുത്തു.
ആസാമിൽനിന്നു ഹൈദരാബാദ് വഴി കൊച്ചിയിലെത്തിയ മൂവരും ഒരു മാസത്തോളം പെരുന്പാവൂരിൽ താമസിച്ചശേഷം മൂന്നാഴ്ച മുന്പാണു കുഴൂരിലുള്ള പ്ലൈവുഡ് കന്പനിയിൽ ജോലിക്കായി കയറിയത്. പിടിക്കപ്പെട്ടവരിൽനിന്നു സർട്ടിഫിക്കറ്റുകളും മൊബൈൽ ഫോണുകളും ബാഗുകളും പിടികൂടിയിട്ടുണ്ട്. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ക്യുആർടി ടീം, സ്പെഷൽ സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നീ വിഭാഗങ്ങളും കുന്നത്തുനാട് പോലീസ് അധികൃതരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പോലീസിന് അഭിനന്ദനം
തീവ്രവാദികളെ പിടികൂടിയ പോലീസിന് അഭിനന്ദന പ്രവാഹമാണ്. പോലീസിന്റെ ധീരമായ നടപടിയാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. ധൈര്യപൂർവം ഇവരുടെ താവളത്തിൽ കടന്നു പിടികൂടിയത് അഭിനന്ദനാർഹമാണെന്നു നാട്ടുകാരും പറഞ്ഞു. ഇവരെ സഹായിച്ചവരെകൂടി പിടികൂടിയാൽ മാത്രമേ നാട്ടുകാർക്കു സമാധാനമുള്ളൂ. നിരപരാധികളായ ഇതര സംസ്ഥാന തൊഴിലാളികളെ മുൾമുനയിൽ നിർത്താതെ പോലീസ് അന്വേഷണം പൂർത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്.