കൊച്ചി: മണ്ണൂരിലെ പ്ലൈവുഡ് കന്പനിയിൽനിന്നു പിടികൂടിയ ബോഡോ തീവ്രവാദികളെ ആസാമിലേക്കു കൊണ്ടുപോകുന്നത് നീളുന്നു. ഇന്നു പുലർച്ചെ മൂവരെയും ഒരുമിച്ച് വിമാനമാർഗം കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരുന്നെതെങ്കിലും സുരക്ഷാ കാരണങ്ങളാൽ നടന്നില്ല.
മൂവരെയും ഒരുമിച്ച് കൊണ്ടുപോകുവാൻ വിമാന കന്പനി അധികൃതർ അനുമതി നൽകിയില്ലെന്നാണ് പോലീസിൽനിന്നു ലഭിക്കുന്ന വിവരം. ഒരോരുത്തരെ വീതം നാളെ മുതൽ മൂന്നു ദിവസങ്ങളിലായി കൊണ്ടുപോകാനാണ് നിലവിലെടുത്തിരിക്കുന്ന തീരുമാനമെന്നും പോലീസ് വ്യക്തമാക്കി.
നിരോധിക്കപ്പെട്ട നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും ആസാം സ്വദേശികളുമായ ദുംകേതു ബ്രഹ്മ ദലാങ്ങ് (35), പ്രിതം ബസുമതാരി (25), മനു ബസുമതാരി (24) എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നത്. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയും ആസാം പോലീസും നൽകിയ വിവരമനുസരിച്ച് ഇവർ താമസിച്ചിരുന്ന മണ്ണൂർ കുഴൂരിലുള്ള കന്പനിയും പരിസരവും വളഞ്ഞു തന്ത്രപരമായാണു പോലീസ് കുടുക്കിയത്.
ഇന്നലെയാണ് പ്രതികളെ ആസാം പോലീസിനു കൈമാറിയത്. ഇന്നലെ ഉച്ചയോടെ കോലഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ തീവ്രവാദികളെ വൈദ്യപരിശോധനയ്ക്ക് കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി. പിന്നീട് ഇവരെ ആസാം പോലീസിന് കൈമാറുകയായിരുന്നു.
കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുന്ന ഇവരെ ഇന്നു പുലർച്ചേ വിമാനമാർഗം ആസാമിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. വിമാന കന്പനി അധികൃതർ അനുമതി നിഷേധിച്ചതോടെ നാളെ മുതൽ മാത്രമേ പ്രതികളെ കൊണ്ടുപോകൂവെന്ന് പോലീസ് പറഞ്ഞു. അതുവരെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ ആസാം പോലീസിന്റെ കസ്റ്റഡിയിൽ പാർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.