മുക്കം: ബോഡിബിൽഡിംഗ് രംഗത്ത് ഉയരങ്ങൾ താണ്ടി ശ്രദ്ധേയനാകുകയാണ് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പന്നിക്കോട് സ്വദേശി മുഹമ്മദ് റാഷിദ്. ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആരോഗ്യമുള്ള മനസ്സും കൈമുതലായുള്ള റാഷിദിനെ തേടി ഈ രംഗത്തുനിന്നും നിരവധി പുരസ്കാരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന ഫെഡറേഷൻ കപ്പ് ദേശീയ ബോഡിബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയാണ് റാഷിദ് നാടിന്റെ അഭിമാനമായത്.
റാഷിദ് വ്യത്യസ്തനാവുന്നത് താൻ തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെയാണ്. തന്റെ നാടിന് മാത്രമല്ല, സംസ്ഥാനത്തിനാകമാനം അഭിമാനമായിരിക്കുകയാണ് ഈ യുവാവ്. ചെറുപ്പം മുതൽ സ്പോർട്സിനെ ഏറെ ഇഷ്ടപ്പെടുന്ന റാഷിദ് ബോഡി ബിൽഡിംഗ് രംഗം തന്റെ ഇഷ്ടവിനോദമായി തിരഞ്ഞെടുക്കുകയായിരുന്നു. 15 വർഷത്തോളം ഈ രംഗത്ത് പ്രവർത്തിചക്കുന്ന റാഷിദ് 10 വർഷം വിദേശത്ത് ട്രെയിനറായി സേവനമനുഷ്ഠിച്ചു. ഇവിടെ നിന്നാണ് താൻ ഈ രംഗത്തക്കുറിച്ച് പൂർണ്ണമായും പഠിച്ചതും അത് നാട്ടിൽ വന്ന് പ്രാവർത്തികമാക്കിയതും.
സാധാരണ ഗതിയിൽ സ്റ്റിറോയ്ഡുകൾ അടങ്ങിയ പ്രോട്ടീൻ പൗഡർ ഉപയോഗിച്ചാണ് പലരും പെട്ടെന്ന് ശരീരം നന്നാക്കുന്നതിനായി കുറുക്കുവഴികൾ തേടുന്നത്. എന്നാൽ അത്തരം യാതൊരു എളുപ്പവഴികളിലൂടെയും റാഷിദ് സഞ്ചരിച്ചിട്ടില്ല. ഒരു വർഷം മുന്പ് മാത്രം ബോഡി ബിൽഡിംഗ് മത്സരരംഗത്ത് എത്തിയ റാഷിദ് ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്.
മിസ്റ്റർ കേരള ഓപ്പണ് ചാന്പ്യൻ , രണ്ടുതവണ മിസ്റ്റർ മലബാർ സ്വർണ്ണം, മിസ്റ്റർ കാലിക്കറ്റ് ഓവറോൾ ചാന്പ്യൻ എന്നിവ ഒരു വർഷത്തിനുള്ളിൽ ഇദ്ദേഹത്തെ തേടിയെത്തി. കഴിഞ്ഞ വർഷം മിസ്റ്റർ ഇന്ത്യ ആദ്യ 20 ലെത്തിയ റാഷിദ് ഇത്തവണ രണ്ടാം സ്ഥാനവും നേടി. ഒരു നാടിന്റെ സന്പത്ത് ജനങ്ങളുടെ ആരോഗ്യമാണന്ന് വിശ്വസിക്കുന്ന ഈ യുവാവ് അവർക്ക് നൽകുന്ന ഉപദേശവും അത് തന്നെയാണ്.
ആരോഗ്യമുണ്ടങ്കിലേ ആത്മവിശ്വാസമുണ്ടാവൂ, ആത്മവിശ്വാസമാണ് വിജയത്തിന്റെ പ്രധാന ഘടകം. വിദേശ രാജ്യങ്ങളിലൊക്കെ ഇത്തരം സംരഭങ്ങൾക്ക് ഭരണകൂടങ്ങൾ തന്നെ വലിയ പ്രോത്സാഹനം നൽകുന്പോൾ കേരളത്തിൽ ഈ മേഖലയെ തീർത്തും അവഗണിക്കുകയാണെന്നും റാഷിദ് പറയുന്നു. ചരിത്രത്തിലാദ്യമായി ജില്ലയിൽ തന്നെ മിസ്റ്റർ ഇന്ത്യ വെള്ളി മെഡൽ കൊണ്ടുവന്ന റാഷിദിനെ ആദരിക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും.