മധ്യപ്രദേശിലെ രത്ലാമില് നടന്ന ബോഡിബില്‍ഡിംഗ് ഷോ വിവാദമായി. മത്സരത്തിന്റെ വേദിയില്‍ സ്ത്രീകള്‍ ബിക്കിനി ധരിച്ച് ഹനുമാന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദത്തിനു കാരണം.
ബോഡിബില്‍ഡിംഗ് മത്സരത്തിന് പിന്നാലെ ഗംഗാ ജലം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തി.
ഇവിടെ ഹനുമാന് ചാലിസ ചൊല്ലുകയും ചെയ്തു. 13ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിങ് മത്സരം കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് സംഘടിപ്പിച്ചത്.
ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബോഡിബില്‍ഡിംഗ് ഷോ അവസാനിച്ചതിന് പിന്നാലെയാണ് മത്സരാര്‍ത്ഥികള്‍ ഹനുമാന് ചിത്രത്തിനു മുന്നില്‍ നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്തത്.
ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
മുന്‍ മേയറും, കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേശയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
ഹനുമാന് സ്വാമി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മായങ്ക് ജാട്ട് അഭിപ്രായപ്പെട്ടു.
അതേസമയം സ്ത്രീകള്‍ കായികരംഗത്ത് പ്രവേശിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്നായിരുന്നു ബിജെപിയുടെ തിരിച്ചടി.
പ്രതിഷേധക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരിപാടിയുടെ സംഘാടകര്‍ പരാതി നല്കി.