കൊച്ചി: പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽതന്നെ കോടതി വിധിയിലൂടെ ഔട്ടായ ഫ്ളക്സിനു പകരക്കാരനായി “ബോഹർ’ എത്തുന്നു. ചിത്രങ്ങളും അക്ഷരങ്ങളും മികവോടെ പ്രദർശിപ്പിക്കാൻ കഴിയുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദക്കാരൻ എന്നതാണു ബോഹറിന്റെ പ്രത്യേകത. ഉപയോഗശേഷം വലിച്ചെറിഞ്ഞാലും മണ്ണിൽ ലയിച്ച് അലിഞ്ഞുചേരാൻ ജൈവനായ ബോഹറിനാകും. കത്തിച്ചാൽ നിമിഷംകൊണ്ടു ചാരമാകും.
ബോഹറിനെ സ്വാഗതം ചെയ്തു പ്രിന്റിംഗ് മേഖലയും മുന്നോട്ടു വന്നതോടെ വരുംദിനങ്ങളിൽ പാതയോരങ്ങളിൽ ബോഹർ ബോർഡുകളും ബാനറുകളും നിറയും. രണ്ടു പേപ്പറുകൾ കൂട്ടിച്ചേർത്താണ് ഈ ജൈവ ബാനർ നിർമിക്കുന്നത്. കൂട്ടിച്ചേർക്കുന്ന പേപ്പറുകൾക്കിടയിൽ നൂലുകൾ പ്രത്യേക അനുപാതത്തിൽ നിരനിരയായി നിരത്തും. തുടർന്ന് ചോളം, കപ്പ എന്നിവയിൽനിന്നു വേർതിരിച്ചെടുത്ത പോളിലാക്ടിക് ആസിഡ് യന്ത്രസഹായത്തോടെ പ്രത്യേക അളവിൽ പേപ്പറിനു പുറത്തു പുരട്ടും.
ഫ്ളക്സ് പോലെതന്നെ വെയിലും മഴയും കൊണ്ടാലും നശിക്കില്ലെന്നു മാത്രമല്ല, ഏതു കാലാവസ്ഥയിലും മിന്നിത്തിളങ്ങാനും ബോഹറിനു കഴിയും. ഈ ഉത്പന്നത്തിനു ശുചിത്വമിഷന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അംഗീകാരം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. കോയന്പത്തൂരിൽനിന്നാണ് ഇതു സംസ്ഥാനത്തേക്ക് എത്തുക.
ഫ്ളക്സ് പ്രിന്റിംഗിൽനിന്നു താരതമ്യേന ചെലവ് കൂടുതലാണു ബോഹറിന്. ചതുരശ്രയടിക്കു 12 രൂപ ഫ്ളക്സിന് ചെലവാകുന്പോൾ ബോഹർ പ്രിന്റ് ചെയ്യുന്നതിന് 20 മുതൽ 22 രൂപവരെയാണു ചെലവ്. കോടതി വിധിയുടെ പശ്ചാത്തലത്തിലും, മണ്ണിൽ അലിഞ്ഞു ചേരുമെന്നതിനാലും ബോഹറിനെ ജനങ്ങൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ഫ്ളക്സ് പ്രിന്റിംഗ് വ്യാപാരികൾ പറഞ്ഞു.
പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടുള്ള ബോർഡുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അജൈവ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന പോളിവിനൈൽ ക്ലോറൈഡ് ഫ്ളക്സുകൾ നിരോധിക്കണമെന്ന ആവശ്യത്തെത്തുടർന്നായിരുന്നു കോടതി ഉത്തരവ്.