രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ഒരു ഹോട്ടൽ ഈടാക്കിയത് 1700 രൂപ. മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലാണ് രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയത്. കാർത്തിക് ധർ എന്നയാൾ ബില്ലടക്കം ട്വീറ്റ് ചെയ്തപ്പോഴാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.
രണ്ട് ഓംലറ്റിനും 1700 രൂപയാണ് ഈടാക്കായിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ഹോട്ടൽ അധികൃതർ പ്രതികരിച്ചിട്ടില്ല. വലിയ വീട്ടിലെ കോഴിയിട്ട മുട്ടയായിരിക്കും അത് അതിനാലാണ് ഇത്രയും വിലയെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.
രണ്ട് പഴത്തിന് 442 രൂപ വാങ്ങിയ സംഭവം രാജ്യമൊട്ടാകെ വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ബോളിവുഡ് നടൻ രാഹുൽ ബോസായിരുന്നു സംഭവം പുറംലോകത്തെ അറിയിച്ചത്. വിശ്വസിക്കണമെങ്കിൽ നിങ്ങൾ ഈ ബില്ല് തീർച്ചയായും കാണേണ്ടിവരുമെന്നും പഴങ്ങൾ നമ്മുടെ നിലനിൽപ്പിന് ഹാനികരമല്ലെന്ന് ആരാണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു രാഹുൽ ബോസ് സംഭവം ജനങ്ങളുടെ മുന്നിലെത്തിച്ചത്.
സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം. ജിമ്മിലെ വർക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓർഡർ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുൽ ബോസ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. രാഹുലിന്റെ പരാതിക്ക് പിന്നാലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഹോട്ടലിന് 25000 രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
ഹോട്ടലിലെ സൗകര്യത്തിനനുസരിച്ചുള്ള വിലയാണിതെന്നാണ് ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രതികരണം. 10 രൂപയ്ക്ക് വഴിവക്കിൽ നിന്ന് ചായ കിട്ടുമെന്നും പഞ്ചനക്ഷത്ര ഹോട്ടലിൽ 250 ആകുമെന്നും അത് ഗുണത്തിന്റെയും മറ്റ് സൗകര്യത്തിന്റെയും പേരിലാണെന്നായിരുന്നു അവരുടെ പ്രതികരണം.