കേന്ദ്രപാറ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ചോറ് തിളപ്പിച്ച പാത്രത്തിൽ അബദ്ധത്തിൽ വീണ് എട്ട് വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. ബഹകണ്ഡ്യ ഗ്രാമത്തിലെ സർക്കാർ സ്കൂളായ അനന്ത് നാരായൺ അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം.
ആഹ്വാഹനാണ് പരിക്കേറ്റത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ ആഹ്വാഹന്റെ പുറത്താണ് പൊള്ളലേറ്റത്. കുട്ടിയെ കേന്ദ്രപാറ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
കേന്ദ്രപാര സദർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരോജ് സാഹു സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രദീപ് കുമാർ നാഗ് പറഞ്ഞു.