ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ബോയിംഗ് വിമാനത്തെ ജീവിതപങ്കാളിയാക്കാനൊരുങ്ങി യുവതി. ജർമൻകാരി മിഷേൽ കോബ്കെയാണ് വ്യത്യസ്തമായ പ്രണയവുമായി ചർച്ചകളിൽ നിറയുന്നത്.
ബോയിംഗ് 737800 ജെറ്റ് വിമാനത്തെയാണ് മുപ്പതുകാരിയായ മിഷേൽ ജീവനുതുല്യം പ്രണയിക്കുന്നത്. വിമാനത്തിന് ഷാറ്റ്സ് എന്ന ഓമനപ്പേരുമിട്ടു. ജർമൻ ഭാഷയിൽ പ്രിയപ്പെട്ടവൻ എന്നാണ് ഇതിന്റെ അർഥം.
സെയിൽസ്വുമണായി ജോലിചെയ്യുന്ന മിഷേൽ 2014ൽ ബെർലിനിലെ വിമാനത്താവളത്തിൽ വച്ചാണ് ബോയിംഗ് 737800 ജെറ്റ് വിമാനം ആദ്യമായി കാണുന്നത്. അപ്പോൾ തന്നെ വിമാനം മിഷേലിന്റെ ഹൃദയം കവർന്നു.
പിന്നീട് വിമാനത്താവളത്തിലെ ജനാലകൾ വഴി മാത്രം കണ്ടുകൊണ്ടിരുന്ന തന്റെ വിമാനത്തെ ഒരു തവണ മാത്രമാണ് മിഷേലിന് വീണ്ടും നേരിട്ടു കാണാനായത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആ കൂടിക്കാഴ്ച. അന്ന് തന്റെ പ്രിയതമന് ഒരു സ്നേഹചുംബനം നല്‍കിയിരുന്നുവെന്നും മിഷേൽ പറയുന്നു.
അടുത്ത തവണ അടുത്തു കാണുമ്പോൾ വിവാഹം ചെയ്യുമെന്നാണ് മിഷേൽ അറിയിച്ചത്. മാർച്ചിൽ ആംസ്റ്റർഡാമിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കും.
മിഷേലിന് വിമാനങ്ങളുടെ ഭാഗങ്ങൾ ശേഖരിച്ചു വയ്ക്കൽ ഒരു ഹോബിയാണ്. ഒരു എയർക്രാഫ്റ്റ് മെക്കാനിക് ആകാനാണ് തന്റെ ആഗ്രഹമെന്നും മിഷേൽ പറയുന്നു.
അതേസമയം, മിഷേലിന് വിമാനത്തോട് തോന്നുന്ന പ്രണയത്തെ ’ഒബ്ജക്ടോഫീലിയ’ എന്ന ശാരീരികാവസ്ഥയായാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. നിര്‍ജീവ വസ്തുക്കളോട് പ്രണയമോ ലൈംഗിക ആകർഷണമോ തോന്നുന്ന അവസ്ഥയാണ് ’ഒബ്ജക്ടോഫീലിയ’ അഥവ ഒബ്ജക്ട് സെക്ഷ്വാലിറ്റി.