ന്യൂഡൽഹി: ഒരു സ്ഥാപനത്തിന്റെ മേധാവി രാജിവയ്ക്കുന്നത് വലിയ സംഭവമൊന്നുമല്ല. പക്ഷേ ബോയിംഗ് കമ്മ്യൂണിക്കേഷൻസ് സീനിയർ വൈസ്പ്രസിഡന്റ് നീൽ ഗോലൈറ്റ്ലി രാജിവച്ചത് വലിയ സംഭവമായിരിക്കുകയാണ്. രാജിവയ്ക്കാനുണ്ടായ കാരണം കേട്ടാൽ ആരും മൂക്കത്തു വിരൽ വച്ചു പോകും.
ഇദ്ദേഹം പോരാടാൻ അവകാശമില്ല എന്ന പേരിൽ 1987 ഡിസംബറിൽ യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് മാഗസിനിൽ ഒരു ലേഖനം എഴുതിയിരുന്നു. അതും മുപ്പതു വർഷത്തിനു മുന്പാണെന്ന് ഒാർക്കണം. ഈ ലേഖനത്തിൽ സ്ത്രീ വിരുദ്ധ പരാമർശമുണ്ടത്രേ.
മിലിട്ടറിയിലെ സ്ത്രീകളുടെ സർവീസിനെ വിമർശിച്ചുള്ളതായിരുന്നു ലേഖനം. സ്ത്രീകൾ പോരാട്ടത്തിൽ ഏർപ്പെടരുതെന്നും അവരുടെ മനോവീര്യത്തെ അതു തകർക്കുമെന്നും ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്. സ്ത്രീകൾ യുദ്ധരംഗത്തു വരുന്നത് പുരുഷ സൈനികരുടെ ആത്മവീര്യത്തെ തകർക്കുമെന്നും ലേഖനത്തിലുണ്ട്.
എന്റെ വാദം ലജ്ജാകരവും തെറ്റായതുമായിരുന്നു. ലേഖനം ഞാൻ ആരാണെന്നതിന്റെ പ്രതിഫലനമല്ല; എന്നിരുന്നാലും കന്പനിയുടെ താല്പര്യപ്രകാരം ഞാൻ സ്ഥാനമൊഴിയുന്നു-നീൽ ഗോലൈറ്റ്ലി പറയുന്നു.
കന്പനിയുടെ താല്പര്യപ്രകാരം സ്ഥാനമൊഴിഞ്ഞ നീൽ ഗോലൈറ്റ്ലിയെ അഭിനന്ദിക്കുന്നതായി കന്പനി വൃത്തങ്ങൾ അറിയിക്കുന്നു.
ഗോലൈറ്റ്ലി മുൻ യുഎസ് നാവിക സേനയിൽ ഫൈറ്റർ പൈലറ്റ് ആയിരുന്നു. 2019 ഡിസംബറിലാണ് അദ്ദേഹം ബോയിംഗിന്റെ ചീഫ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായത്.
ലോകത്തിലെ ഏറ്റവും വലിയ എയ്റോ സ്പേസ് കന്പനിയാണ് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോയിംഗ്. 150 രാജ്യങ്ങൾ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. യുദ്ധ, യാത്ര വിമാനങ്ങളുടെ നിർമാതാക്കളാണ് ബോയിംഗ്.