എഴുപതിനായിരത്തോളം പുസ്തകങ്ങൾ. ഏതെങ്കിലും പബ്ലിക്ക് ലൈബ്രറിയിലെ വിശേഷങ്ങളല്ല പറഞ്ഞുവരുന്നത്. ഏറ്റവും വലിയ വ്യക്തിഗത പുസ്തകശേഖരത്തിന്റെ പിന്നിലെ കഥയാണ്.
72 -കാരനായ അൻകെ ഗൗഡയാണ് ഇതിന്റെ ഉടമ. ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഗൗഡ ഇടം നേടിയിട്ടുണ്ട്. വായന ഇദേഹത്തിന് ഹോബിയാണ്.
മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയശേഷം മാണ്ഡ്യയിലെ ഒരു പഞ്ചസാര ഫാക്ടറിയിൽ അദ്ദേഹം ജോലിയ്ക്ക് ചേർന്നപ്പോഴും അതിന് മാറ്റമുണ്ടായില്ല.
കഴിഞ്ഞ 50 വർഷത്തിനിടയിൽ മതഗ്രന്ഥങ്ങൾ, വിജ്ഞാനകോശങ്ങൾ, നിഘണ്ടുകൾ, ഫിക്ഷൻ, നോൺ ഫിക്ഷൻ, ക്ലാസിക്കുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങൾ അദ്ദേഹം ശേഖരിച്ചു.
അതിൽ 22 വ്യത്യസ്ത ഇന്ത്യൻ ഭാഷകളും എട്ട് വിദേശഭാഷകളും ഉൾപ്പെടുന്നു. കർണാടകയിലെ മാണ്ഡ്യയിലെ തന്റെ “പുസ്തകവീട്ടി’ല് അദ്ദേഹം പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നുണ്ട്.
65,000 അന്താരാഷ്ട്ര പുസ്തകങ്ങളും മാസികകളും മഹാത്മാഗാന്ധിയുടെ 2,500 ശീർഷകങ്ങളും ഭഗവദ്ഗീതയെക്കുറിച്ചുള്ള 2,500 പുസ്തകങ്ങളും അതിലുൾപ്പെടുന്നു.
ആയിരക്കണക്കിന് പുസ്തകങ്ങളുണ്ടെങ്കിലും, കെട്ടിടത്തിന് തീയെയും, പൊടിയെയും, ചിതലിനെയുമൊന്നും പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ല.
1832 -ലെ എട്ട് വാല്യങ്ങളുള്ള വില്യം ഷേക്സ്പിയർ കൃതികളുടെ ശേഖരമാണ് അദ്ദേഹത്തിന്റെ ഏറ്റവും വിലമതിക്കുന്ന പുസ്തകങ്ങളിലൊന്ന്.
ഒരിക്കൽ ഒരാൾ അതിന് 110,000 ഡോളർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഗൗഡ ആ ഓഫർ നിരസിച്ചു. മാസം 10,000 രൂപയുടെ പുസ്തകങ്ങളാണ് അദ്ദേഹം വാങ്ങുന്നത്.
ഇതിന് പുറമെ, വിവിധതരം ക്ഷണക്കത്തുകളും, വിവാഹ കാർഡുകളും, ഗ്രീറ്റിംഗ് കാർഡുകളും ഗൗഡ ശേഖരിക്കുന്നു. 1975 മുതലുള്ള ഈ ശേഖരത്തിൽ ഇപ്പോൾ അയ്യായിരത്തിലധികം വ്യത്യസ്തതരം കാർഡുകൾ ഉണ്ട്.
പോകുന്നിടത്തുനിന്നെല്ലാം താൻ പുസ്തകങ്ങൾ വാങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരിക്കൽ വീട്ടുസാമാനങ്ങൾ വാങ്ങാൻപോയ ഭർത്താവ് ആ പണംകൊണ്ട് പുസ്തകവും വാങ്ങിവന്ന കഥ ഭാര്യ വിജയലക്ഷ്മിയും പറയുന്നു.