ലാ പാസ്: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്‍റീനയ്ക്ക് നാണംകെട്ട തോൽവി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബൊളീവിയ അർജന്‍റീനയെ കെട്ടുകെട്ടിച്ചത്. മെസിയില്ലാതെ ഇറങ്ങിയ അർജന്‍റൈൻ ടീം ബൊളീവിയക്കെതിരെ പിടിച്ചു നിൽക്കാൻ നന്നേ പാടുപെട്ടു. കളിയുടെ 29ാം മിനിറ്റിൽ നീലപ്പടക്ക് മുന്നിലെത്താനുള്ള വഴി തുറന്നതാണ്. പക്ഷേ, എയ്ഞ്ചൽ ഡി മരിയയുടെ ഷോട്ട് ബൊളീവിയൻ ഗോളി തടുത്തിട്ടു.
രണ്ടു മിനിറ്റ് കഴിയും മുൻപേ ബൊളീവിയ അക്കൗണ്ട് തുറന്നു. ജുവാൻ കാർലോസ് ആർസാണ് ബൊളീവിയയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ മാർസെലോ മൊറീഞ്ഞോയാണ് അർജന്‍റീനയുടെ മേൽ അവസാന ആണിയടച്ചത്. മെസിയില്ലാതെ ആടിയുലഞ്ഞ അർജന്‍റീന, ബൊളീവിയ ആദ്യ ഗോൾ നേടിയപ്പോൾ തന്നെ പരാജയം മണത്തിരുന്നു.
ചിലിക്കെതിരേയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്‍റ് റഫറിക്കെതിരേ മോശം വാക്പ്രയോഗം നടത്തിയതിനാണ് മെസിക്ക് വിലക്ക് നേരിടേണ്ടി വന്നത്. നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് സൂപ്പർ താരത്തെ വിലക്കിയിരിക്കുന്നത്. മെസിക്കു പുറമെ ഗോണ്‍സാലോ ഹിഗ്വെയ്ന്, ഹാവിയര്‍ മസ്കരാനോ, ലൂകാസ് ബിഗ്ലിയ, നിക്കോളസ് ഒട്ടാമെന്‍ഡി എന്നിവരുമില്ലാതെയാണ് അർജന്‍റീന ബൊളീവിയക്കെതിരെ മത്സരത്തിനിറങ്ങിയത്. ഓഗസ്റ്റിൽ ഉറുഗ്വെയ്ക്കെതിരെയാണ് അർന്‍റീനയുടെ അടുത്ത മത്സരം.