ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കുന്ന ബൊലേറോ ജീപ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബൈക്കുയാത്രക്കാരന്റെ അദ്ഭുതകരമായ രക്ഷപ്പെടലാണ് വീഡിയോയുടെ പ്രത്യേകത.
ഇപ്പോഴിത ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കുന്ന ബൊലേറോ ജീപ്പിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
കഴിഞ്ഞ ദിവസം മുന്‍പ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് ജെസിബി നിയന്ത്രണം വിട്ട് ജീപ്പിലിടിച്ചത്. കരിങ്കല്ലത്താണി തൊടുകാപ്പ് ഇറക്കത്തിൽ നിന്ത്രണം വിട്ട ജെസിബി എതിരെ വന്ന വാഹനത്തിലും മരത്തിലും ഇടിച്ച ശേഷം അടുത്ത വീടിന്റെ മുറ്റത്തെത്തിയാണ് നിന്നത്. ഈ അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജെസിബി വളരെ വേഗത്തിൽ വരുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. നിയന്ത്രണം വിട്ട ജെസിബി വഴിയരുകിൽ ബൈക്കിൽ നിന്നയാൾക്കു നേരേയാണ് പാഞ്ഞടുക്കുകയാണ്.
എന്നാൽ അടുത്ത നിമിഷം റോഡിലൂടെ വന്ന ഒരു വെളുത്ത ബൊലേറോ ജീപ്പ് ഇരുവാഹനങ്ങള്‍ക്കും ഇടയിലേക്ക് പാഞ്ഞു കയറിയത്. അതോടെ ജീപ്പിന്റെ മുന്‍ഭാഗവും ജെസിബിയുടെ വശവും തമ്മില്‍ കൂട്ടിയിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ജീപ്പ് സമീപം നിര്‍ത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു. തലനാരിഴയുടെ വ്യത്യാസത്തില്‍ യുവാവ് ചാടി രക്ഷപ്പെട്ടു. ജെസിബിയാകട്ടെ സമീപത്തുള്ള വീടന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി നില്‍ക്കുകയും ചെയ്തു.
ആ സമയം ബൊലേറോ വന്നില്ലായിരുന്നെങ്കിൽ റോഡരികിൽ ബൈക്ക് നിർത്തി അതിൽ ചാരി നിന്നിരുന്ന യുവാവിന് അപകടം സംഭവിക്കുമായിരുന്നുവെന്ന് വീഡിയോ ഉറപ്പിക്കുന്നു.
മോട്ടോർ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കുന്നതിന് ബൊലേറോ ഒരു ജീവനുള്ള വസ്തുവായി മാറിയെന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. അപകടത്തിൽ ജെസിബി ഡ്രൈവർക്ക് നിസാരപരിക്കേറ്റു.
ബൊലേറോ യാത്രക്കാരന് പരിക്കില്ല. വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. രസകരമായ കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. കാലന് ജെസിബിയില്‍ വന്നുപ്പോള്‍ ദൈവം ബൊലേറോയില്‍ കയറി വന്നെന്നാണ് ഒരു കമന്റ്.